16 September, 2021 04:45:40 AM


ഭാരതപ്പുഴയിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥികളിൽ രണ്ടാമന്‍റെ മൃതദേഹവും കണ്ടെത്തി



ഒറ്റപ്പാലം: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി കാണാതായ മെഡിക്കൽ വിദ്യാർത്ഥികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴ പുറക്കാട്‌ കരൂര്‍ വടക്കേ പുളിക്കല്‍ കെ. രാമകൃഷ്‌ണന്റെ മകന്‍ ഗൗതം കൃഷ്‌ണ(24)യുടെ മൃതദേഹമാണ്‌ ഇന്നലെ രാവിലെ പതിനൊന്നരയോടെ കണ്ടെടുത്തത്‌.

ഒഴുക്കില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥി തൃശൂര്‍ ചേലക്കര സ്വദേശി മാത്യു അബ്രഹാമിന്റെ മൃതദേഹം ചൊവ്വാഴ്‌ച കണ്ടെത്തിയിരുന്നു. വാണിയംകുളം പി.കെ. ദാസ്‌ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ്‌. അവസാന വര്‍ഷ വിദ്യാര്‍ഥികളായ മാത്യു അബ്രഹാമും ഗൗതം കൃഷ്‌ണയും ഞായറാഴ്‌ച വൈകിട്ട്‌ മറ്റ്‌ അഞ്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം മാന്നനൂര്‍ റെയില്‍വെ സ്‌റ്റേഷന്‌ സമീപം ഭാരതപ്പുഴയിലെ ഉരുക്ക്‌ തടയണയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ്‌ ഒഴുക്കില്‍പ്പെട്ടത്‌.

അപകടം നടന്ന പ്രദേശത്തുനിന്നു രണ്ട്‌ കിലോമീറ്റര്‍ താഴെ പൈങ്കുളം പമ്ബ്‌ ഹൗസ്‌ പരിസരത്തുനിന്നാണ്‌ ഗൗതം കൃഷ്‌ണയുടെ മൃതദേഹം കണ്ടെടുത്തത്‌. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ആലപ്പുഴയിലെ വീട്ടിലെത്തിച്ച ഗൗതം കൃഷ്‌ണയുടെ മൃതദേഹം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഗൗതം കൃഷ്‌ണയുടെ മാതാവ്‌: ലത. സഹോദരന്‍: ഭരത്‌ കൃഷ്‌ണന്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K