08 September, 2021 08:34:04 PM
നന്ദി പറഞ്ഞ് കൃഷ്ണന്‍കുട്ടി; പാലക്കാട് ജില്ലയില്‍ 1034 പട്ടയങ്ങള്‍ വിതരണം ചെയ്യും
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് സെപ്തംബര്‍ 14ന് രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 1034 പട്ടയങ്ങള്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. സ്പീക്കര്‍ എം.ബി.രാജേഷ് മുഖ്യാതിഥിയാകും. അന്നേദിവസം ജില്ലയില്‍ താലൂക്ക് തലത്തിലും പട്ടയ വിതരണം നടക്കും. ബന്ധപ്പെട്ട എം.എല്‍.എമാര്‍ പങ്കെടുക്കും. സംസ്ഥാന തല പരിപാടിയില്‍ റവന്യൂ, ഭവന, നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും.
ഒരേക്കര്‍ ഭൂമി ഇല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ തികച്ചാക്കി ഭൂമി നല്‍കുന്ന കെ.എസ്.ടി (കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുന:രവകാശ സ്ഥാപനവും) പട്ടയ ഇനത്തില്‍ 133, ഭൂമി പതിവ്, ലക്ഷം വീട്, നാല് സെന്റ് പട്ടയ ഇനത്തിലായി 117, ലാന്റ് ട്രിബ്യൂണല്‍ പട്ടയ ഇനത്തില്‍ 784 എന്നിങ്ങനെയാണ് വിതരണം ചെയ്യുക.
താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍
പാലക്കാട് - കെ.എസ്.ടി പട്ടയം 89
ചിറ്റൂര്‍ - കെ.എസ്.ടി പട്ടയം 18
ആലത്തൂര്‍ - ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം - എട്ട്
മണ്ണാര്‍ക്കാട് - ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം 15, കെ.എസ്.ടി പട്ടയം 26
ഒറ്റപ്പാലം - ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം 41
പട്ടാമ്പി - ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം - 53
ഇത്തരത്തില്‍ ആകെ 250 പട്ടയങ്ങള്‍ വിതരണം ചെയ്യും.
അപേക്ഷിച്ച് രണ്ടു മാസത്തിനകം ചന്ദ്രന് പട്ടയം
മുപ്പത്തഞ്ച് വര്‍ഷമായി വെള്ളിനേഴി പഞ്ചായത്തിലെ തിരുവാഴിയോട് അയ്യപ്പന്‍ പറമ്പ് ലക്ഷം വീട്ടില്‍ താമസിച്ചു വരുന്ന ചന്ദ്രനും കുടുംബവും പട്ടയം കിട്ടുന്ന സന്തോഷത്തിലാണ്. രണ്ടു മാസം മുന്‍പാണ് ചന്ദ്രന്‍ പട്ടയത്തിന് അപേക്ഷിച്ചത്. 65 കാരനായ ചന്ദ്രന്‍ ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബം മുന്നോട്ടു പോകുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്.
മുപ്പത് വര്‍ഷത്തിന് ശേഷം ബാബുവിന് പട്ടയം കിട്ടി
മുപ്പത് വര്‍ഷത്തിലധികമായി ആലത്തൂര്‍ താലൂക്ക് വണ്ടാഴി 2 വില്ലേജിലെ തെല്ലുപടി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ബാബുവിന് കൂലിവേലയാണ്. പട്ടയം ലഭിക്കുന്നതോടെ മെച്ചപ്പെട്ട ജീവിതം സ്വപ്നം കാണുകയാണ് ബാബുവും കുടുംബവും. ജന്മനാല്‍ ചലന ശേഷിയില്ലാത്ത 28 വയസ്സുള്ള മകനും മകളും ഭാര്യയുമുള്‍പ്പെടുന്നതാണ് ബാബുവിന്റെ കുടുംബം. ബാബുവാണ് കുടുംബത്തിന്റെ ഏകവരുമാനവും ആശ്രയവും. കാത്തിരിപ്പ് തുടങ്ങി വര്‍ഷങ്ങളായെങ്കിലും പട്ടയം കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ് ബാബുവും കുടുംബവും ഇപ്പോള്‍.
മുത്തുകുമാറിനും കുടുംബത്തിനും ഇനി 23 സെന്റ് സ്വന്തം
ചിറ്റൂര്‍ ഒഴലപ്പതി കിണര്‍പ്പള്ളം മെഗാട്ടുകളത്തില്‍ രാജന്റെ മകന്‍ മുത്തുകുമാറും കുടുംബവും സ്വന്തമായി 23 സെന്റ് സ്ഥലം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ്. കൂലിപ്പണിയെടുക്കുന്ന കൃഷിയിടത്തില്‍ ഷെഡ്ഡിലാണ് ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി താമസിക്കുന്നത്. സ്വന്തമായി വീട് എന്ന സ്വപ്നം മുന്‍നിര്‍ത്തി രണ്ടു വര്‍ഷം മുന്‍പാണ് മുത്തുകുമാര്‍ സ്ഥലത്തിനായി അപേക്ഷ നല്‍കിയത്.
സര്‍ക്കാരിന് നന്ദി പറഞ്ഞ് കൃഷ്ണന്‍കുട്ടി
മണ്ണാര്‍ക്കാട് കേച്ചേരിപ്പറമ്പ് കുന്നുമ്മേല്‍ കൃഷ്ണന്‍കുട്ടി വര്‍ഷങ്ങളായി പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന്നു. പാരമ്പരാഗതമായി താമസിച്ചു വന്ന ഭൂമി പുറമ്പോക്കില്‍ ഉള്‍പ്പെട്ട് കൈവിട്ടു പോകുമെന്ന് ഇദ്ദേഹം ഭയപ്പെട്ടിരുന്നു. ഭൂമിക്ക് പട്ടയം പതിച്ചു കിട്ടുന്നതിന് അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയി. പിന്നീട് വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ചുരുങ്ങിയ സമയം കൊണ്ട് പട്ടയം ലഭിച്ച സന്തോഷത്തിലാണ് അദ്ദേഹം. പട്ടയം ലഭിക്കുന്നതിന് സഹായിച്ച ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും കൃഷ്ണന്‍കുട്ടി നന്ദി പറഞ്ഞു.