08 September, 2021 08:31:22 PM


അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് 'ഗുലുമേ കളിമണ്‍ കളിയിടം' പരിശീലനമൊരുക്കി വനം വകുപ്പ്



പാലക്കാട്: അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ചിത്രകലാ, കളിമണ്‍ ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുക ലക്ഷ്യമിട്ട് 'ഗുലുമേ കളിമണ്‍ കളിയിടം' എന്ന പേരില്‍ വനം വകുപ്പ് പരിശീലനമൊരുക്കുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥി കൂട്ടായ്മയായ ട്രസ്പാസേഴ്‌സാണ് പരിശീലനം നല്‍കുന്നത്. ഷോളയൂര്‍ വരകംപാടി ഊരില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം.


ഹൈസ്‌കൂള്‍ മുതല്‍ കോളേജ് തലം വരെയുള്ള 40 ഓളം വിദ്യാര്‍ഥികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യകാലത്ത് അട്ടപ്പാടിയിലെ ഊരുകളില്‍ കരുതലിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി ധാന്യങ്ങള്‍ സംഭരിച്ചിരുന്ന വലിയ കുടങ്ങളുടെ രൂപത്തിലുള്ള കുട്ടകളെയാണ് ഗുലുമേ എന്ന് വിളിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും തൊഴില്‍ സാധ്യത ഉള്‍പ്പെടെ കണ്ടെത്തുക ലക്ഷ്യമിട്ടാണ് പരിശീലനം നല്‍കുന്നതെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. വി.പി. ജയപ്രകാശ് പറഞ്ഞു. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച പരിപാടി ഇന്ന് (സെപ്തംബര്‍ ഒമ്പതിന്) അവസാനിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K