09 June, 2016 10:07:53 PM


അഞ്ജു ബോബി ജോര്‍ജ്ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയാക്കി കെ സുധാകരന്‍



കണ്ണൂര്‍: ഒളിപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജിനെ വോളിബോള്‍ താരമായ ജിമ്മി ജോര്‍ജിന്റെ ഭാര്യയാക്കി കെ സുധാകരനും ട്രോളേഴ്സിന്റെ വലയില്‍ കുരുങ്ങി. അഞ്ജു ബോബി ജോര്‍ജിനെ അനശ്വര വോളിബോള്‍ താരമായ ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ചാണ് സുധാകരനും ജയരാജനൊപ്പമെത്തിയത്.


സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷയും ലോങ് ജംപ് താരവുമായ അഞ്ജു ബോബി ജോര്‍ജിനോട് ഇപി ജയരാജന്‍ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്‍ അഞ്ജുവിനെ ജിമ്മി ജോര്‍ജിന്റെ 'ഭാര്യ'യാക്കിയത്. ജിമ്മി ജോര്‍ജും ഭാര്യയായ അഞ്ജുവും കുടുംബാംഗങ്ങളുമെല്ലാം കായിക രംഗത്തു പ്രവര്‍ത്തിക്കുന്നവരെന്നാണു വാര്‍ത്താസമ്മേളനത്തില്‍ കെ സുധാകരന്‍ പറഞ്ഞത്.


മുഹമ്മദ് അലി വിഷയത്തില്‍ പ്രതിരോധത്തിലായ ഇപി ജയരാജനെ ഈ വിഷയത്തില്‍ കൂടി പിന്നിലേക്കു തള്ളാന്‍ ലക്ഷ്യമിട്ടാണു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഇരയെ കാത്തിരുന്ന ട്രോളേഴ്സ് എന്തായാലും വെറുതെ വിട്ടില്ല, കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞയാഴ്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ച സമയത്ത്  ഇപി ജയരാജന് പറ്റിയ അബന്ധവും സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K