03 September, 2021 11:03:49 AM


സുനീഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി



കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിജീഷിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി. കേസിന്റെ അന്വേഷണ ചുമതല പയ്യന്നൂർ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രൻ ഏറ്റെടുക്കും. സുനിഷയുടെ മരണതിൽ ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടു. കണ്ണൂർ റൂറൽ എസ് പി വഴിയാണ് റിപ്പോർട്ട് തേടിയത്.

സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും സുനിഷയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. സുനിഷയുടെ ഭർത്താവ് വെള്ളൂർ ചേനോത്ത് സ്വദേശി കെ പി വിജീഷിനെ ഇന്നലെ പയ്യന്നൂർ സിഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  അറസ്റ്റ് ചെയ്തിരുന്നു. ഗാർഹികപീഡനം ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ആയിരുന്നു അറസ്റ്റ് . സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന യുവജന കമ്മീഷനും കണ്ണൂർ റൂറൽ എസ്പി റിപ്പോർട്ട് സമർപ്പിക്കും.

ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറേക്കാകാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച്ച് വൈകീട്ട് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K