19 August, 2021 05:56:02 AM
ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
നെടുങ്കണ്ടം: പശുവിനു പുല്ലു ചെത്തുന്നതിനിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. ബാലഗ്രാം സ്വദേശി ഭാനുപ്രിയ(42)യ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു. സമീപവാസിയായ അജിത് കുമാറിന്റെ പുരയിടത്തിന്റെ മുകളിൽനിന്നുമാണ് കാട്ടുപന്നി ആക്രമിക്കാനായി ചീറിയടുത്തത്.
ഭയന്നുപോയ ഭാനുപ്രിയ ഓടിയെങ്കിലും പിന്നാലെയെത്തിയ കാട്ടുപന്നി ഭാനുപ്രിയയെ മണ്‍തിട്ടയുടെ മുകളിൽനിന്നും കോരിയെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ വലതുകാൽ വട്ടമൊടിയുകയായിരുന്നു. ഭാനുപ്രിയയുടെ ഉച്ചത്തിലുള്ള കരച്ചിൽകേട്ട് അമ്മ ഓടിയെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തൂക്കുപാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേഖലയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.