16 August, 2021 11:26:14 AM
സുധാകരനെതിരെയുള്ള ഒളിയമ്പ്: ആരിഫിന്റെ കത്ത് തിരിച്ചടിക്കാന്‍ സാധ്യത
ആലപ്പുഴ: മുന്‍ മന്ത്രിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ ജി.സുധാകരനെതിരായി എ.എം. ആരിഫ് എംപി. നല്കിയ കത്ത് കത്തി പടരാൻ സാധ്യത. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിവാദങ്ങളുടെയും കൂട്ടക്കുഴപ്പങ്ങളുടെയും കൂട്ടപ്പൊരിച്ചില്‍ സൃഷ്ടിച്ചാണ് ആരിഫിന്റെ കത്തിന്റെ മുന്നോട്ടുള്ള പ്രയാണം.
ചേര്‍ത്തല അരൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെടുത്തി ജി. സുധാകരനെതിരെ ആക്ഷേപവുമായി ആരിഫ് നല്കിയ കത്താണ് ആലപ്പുഴയില്‍ വിവാദം ആളിക്കത്തിക്കാനിടയാക്കിയത്. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ആരിഫിന്റെ വിവാദ കത്ത് ചര്‍ച്ചയാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പാര്‍ട്ടിയില്‍ മെച്ചപ്പെട്ട ഒരു ഇമേജ് ഉണ്ടായിരുന്ന ആരിഫിന് ഈ കത്ത് ബൂമറാങായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍പ് ഒരു തവണ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ചര്‍ച്ചയാവുകയും തുടര്‍ നടപടി കാര്യങ്ങളിലേക്കു കടക്കാനിരിക്കുകയും ചെയ്ത വിഷയത്തിലാണ് വീണ്ടും കത്തുമായുള്ള പ്രത്യക്ഷപ്പെടലും വെളിപ്പെടുത്തലും ആരിഫിന് തന്നെ പാരയായി മാറുന്നത്.
വിവാദ വിഷയവുമായി ബന്ധപ്പെട്ട് രണ്ടാമതും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാള് രംഗത്ത് വന്നത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വന്‍ അമര്‍ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജി. സുധാകരനെ ലക്ഷ്യം വച്ചാണ് കത്ത് ഇറക്കിയതെങ്കിലും ആരിഫിനു വിനയായി മാറുമെന്നാണ് വിലയിരുത്തുന്നത്. മന്ത്രിതലത്തില്‍ ഉള്‍പ്പെടെ ജി. സുധാകരനു പിന്തുണ ലഭിക്കുന്നതും ചെറിയ കാര്യമല്ലെന്നും വിലയിരുത്തപ്പെടുന്നു. സംസ്ഥാന കമ്മിറ്റിയില്‍ ഇത് രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് വഴിവയ്ക്കും. മന്ത്രി സജി ചെറിയാനും ആരിഫിന്റെ നിലപാടിനെതിരെ രംഗത്തു വന്നിരിക്കുന്നതു ശുഭ സൂചനയായാണ് സുധാകരപക്ഷത്തുള്ളവര് കാണുന്നത്.
അതേസമയം, ഇവിടെ പാര്‍ട്ടിക്കുണ്ടായ പരാജയം അന്വേഷിക്കുന്ന എളമരം കരീം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇത്തവണത്തെ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കാന്‍ സാധ്യത കുറവാണ്. രാജ്യസഭാ അംഗം കൂടിയായ അന്വേഷണ കമ്മീഷന് അംഗം എളമരം കരീമിനു പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്കായതു കൊണ്ട് കമ്മീഷന് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലായെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ ജി. സുധാകരനെതിരെ ഒരു തവണ ഉന്നയിച്ച വിഷയം പാര്‍ട്ടി സമ്മേളനങ്ങളടുത്ത സമയത്ത് ജില്ലാ കമ്മിറ്റിയംഗമായ ആരിഫ് വീണ്ടും പുറത്തിറക്കിയതു വടി കൊടുത്ത് അടി വാങ്ങിയ സ്ഥിതിയിലേക്ക് ആരിഫിനെ കൊണ്ടുചെന്നെത്തിക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.