14 August, 2021 05:19:35 PM
കണ്ണൂർ സിപിഎമ്മിൽ കൂട്ടനടപടി; രണ്ട് പേർക്ക് സസ്പെൻഷൻ; 15 പേർക്ക് പരസ്യശാസന
കണ്ണൂർ: പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ആന്തൂർ നഗരസഭയുടെ മുൻ ചെയർ പേഴ്സണുമായ പി.കെ. ശ്യാമളയെ സൈബറിടങ്ങളിൽ അപമാനിച്ച സംഭവത്തിൽ കണ്ണൂർ സിപിഎമ്മിൽ കൂട്ടനടപടി. കണ്ണൂർ ജില്ലയിലെ തളി പ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയിൽ പെടുന്ന 17 പേർക്കെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. ഏരിയാ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് നടപടി.
15 പേർക്ക് പരസ്യ ശാസനയുണ്ട്. രണ്ട് പേരെ സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സാജൻ ജീവനൊടുക്കിയത്. ഇതിൽ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണിൽ നിന്നു ഉയർന്നിരുന്നു.
ഇതിനിടെ ശ്യാമളയ്ക്കെതിരെ സൈബറിടങ്ങളിൽ വ്യാപകമായ പ്രതിഷേധമുണ്ടാകുകയായിരുന്നു. സംഭവത്തിൽ എ.എൻ. ഷംസീർ എംഎൽഎ, ടി.ഐ. മധുസൂദനൻ, എൻ. ചന്ദ്രൻ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച് അന്വേഷണ കമ്മീഷൻ പാർട്ടി രൂപീകരിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ അന്വേഷണത്തിന് ശേഷമാണ് നടപടി.