14 August, 2021 01:01:36 PM
ജി സുധാകരന്‍റെ കാലത്തെ ദേശീയപാത പുനർ നിര്‍മാണം: വിജിലൻസ് അന്വേഷിക്കണമെന്ന് ആരിഫ് എംപി
ആലപ്പുഴ: ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനർനിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എ എം ആരിഫ് എം പി. ദേശീയപാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ ചേർത്തല വരെയുള്ള ഭാഗത്തിന്‍റെ നിർമാണത്തിൽ ക്രമക്കേടുണ്ടെന്ന്രോ ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് അദ്ദേഹം കത്ത് നൽകി. 36 കോടി ചെലവിട്ട് അത്യാധുനിക ജര്‍മന്‍ സാങ്കേതികവിദ്യയോടെയായിരുന്നു പുനര്‍നിര്‍മാണം.
2019ലാണ് ദേശീയപാതയുടെ നിർമാണം നടത്തിയത്. മൂന്ന് വർഷം ഗ്യാരണ്ടിയോടെയാണ് ദേശീയപാത നിർമിച്ചത്. എന്നാൽ, ഒന്നര വർഷം കൊണ്ടു തന്നെ ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടു. ഇതിലൂടെ നിർമാണത്തിൽ അപാകതയുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമാണെന്നും മന്ത്രിയോട് എ എം ആരിഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അരൂര്‍ ചേര്‍ത്തല ദേശീയപാതാ പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫിന്റെ കത്ത് ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചിരുന്നു.
കത്ത് പുറത്തായതിന് പിന്നാലെ ചേര്‍ത്തല- അരൂര്‍ പാത നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയില്‍ ജി. സുധാകരനെ ന്യായീകരിച്ച് ആരിഫ് എംപി രംഗത്തെത്തി. ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവില്ല. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികള്‍. അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ആരിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ കത്ത് ദുർവ്യാഖ്യാനം ചെയ്‌തെന്നും കത്തിന് പിന്നിൽ നല്ല ഉദ്ദേശ്യം മാത്രമായിരുന്നുവെന്നും ആരിഫ് പറഞ്ഞു. റോഡ് നവീകരണത്തിൽ അഴിമതി നടന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും, നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരനെന്നും ആരിഫ് പറഞ്ഞു. മൂന്നുവര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മിച്ച റോഡിന് നിലവാരം കുറവാണെന്നും, പാതയിൽ നിരവധി കുഴികളാണ് ഉള്ളതെന്നുമായിരുന്നു അദ്ദേഹം കത്തിൽ പറഞ്ഞത്.