10 August, 2021 09:10:33 PM
ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോദരന്മാര്‍ക്ക് ജാമ്യം; 3,500 രൂപവീതം കെട്ടിവയ്ക്കണം
കണ്ണൂര്‍: ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോദരന്മാര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ ഇരുവരും കെട്ടിവെയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും വേണം.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ കാരവാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി വ്‌ലോഗര്‍ സഹോദരന്‍മാരോട് തിങ്കളാഴ്ച ആര്‍.ടി ഓഫിസിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തിരുന്നു.
അതേസമയം ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന കാരവന്‍റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനുമാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് ചട്ടം 51(A) വകുപ്പ് പ്രകാരമാണ് നടപടി എടുത്തിട്ടുള്ളത്.
ഇ ബുള്‍ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കും അവരുടെ നെപ്പോളിയന്‍ എന്ന കാരവനെതിരെയും കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.
ഒമ്പതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്‍റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ നടത്തിയിരിക്കുന്നത്. ഇ ബുള്‍ജെറ്റ് വ്ളോഗര്‍ സഹോദരങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോകള്‍ ചിലത് നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പൊലീസ്. യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. അപ്ലോഡ് ചെയ്ത വിഡിയോകള്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിങ് റിക്വസ്റ്റ് നല്‍കിയിട്ടുണ്ട്.