06 August, 2021 08:42:34 AM


നായാട്ട്സംഘത്തിലെ ഒരാൾ അറസ്റ്റിൽ: ഇരുമ്പ് കുന്തവും ഇരുമ്പ് ദണ്ഡും പിടിച്ചെടുത്തു



പാലക്കാട്: കാഞ്ഞിരപ്പുഴ മേഖലയിൽ ഇറങ്ങിയ നായാട്ട്സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മുതുകുറുശ്ശി സ്വദേശി ഷൈൻ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് നായാട്ടിന് ഉപയോഗിക്കുന്ന ഇരുമ്പ് കൊണ്ട് നിർമിച്ച മുനയുള്ള കുന്തം, ഇരുമ്പ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കേസിൽ നായാട്ട് സംഘത്തിലെ മുഖ്യസൂത്രധാരൻ സുന്ദരൻ ഉൾപ്പടെ അഞ്ചു പേർ ഒളിവിലാണ്. അറസ്റ്റിലായ ഷൈനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തിൽ അതിക്രമിച്ച് കയറിയതിനും കേസെടുത്തു.

കല്ലടിക്കോടിന് സമീപം വാക്കോടൻ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലാണ് സംഘം നായാട്ട് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ഭാഗത്ത് വേട്ടനായ്ക്കളുമായി നായാട്ട് സംഘം സഞ്ചരിയ്ക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ ഒരാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം രണ്ടു തവണ നായാട്ടിന് പോയിരുന്നതായി വ്യക്തമായിട്ടുണ്ട്. ജൂൺ മാസവും നായാട്ട് നടത്തിയിരുന്നു. കാട്ടുപന്നി, മുയൽ, മാൻ തുടങ്ങിയ മൃഗങ്ങളെയാണ് ഇവർ വേട്ടയാടി പിടിയ്ക്കുക. ഇതിന് വേട്ടനായ്ക്കളെ പരിശീലിപ്പിച്ച് വിൽപ്പന നടത്താറുണ്ടെന്നും ഇവർ പറയുന്നു.

നായാട്ട് സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.  കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പുഴയിൽ നായാട്ട് സംഘമെന്ന് സംശയിയ്ക്കുന്നവരുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. കാഞ്ഞിരപ്പുഴയിലെ വിവിധ കടകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച സിസിടിവി യിലായിരുന്നു നായാട്ട് സംഘമെന്ന് സംശയിക്കുന്ന സംഘം സഞ്ചരിയ്ക്കുന്നതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഈ മേഖലയിലുള്ളവർ തന്നെയാണ് സമീപത്തെ വനത്തിലേക്ക് നായാട്ടിനായി പോയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം.

ജൂലൈ 25 ന് രാത്രി പത്തുമണിയോടെയാണ് ഈ ദൃശ്യങ്ങൾ  സിസിടിവി യിൽ പതിഞ്ഞിട്ടുള്ളത്. സംഭവത്തെ തുടർന്ന് വനം വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.  ഈ പ്രദേശത്തെ നായാട്ട് സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ശിരുവാണി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ. ഇവിടെ മാൻ ഉൾപ്പടെയുള്ള മൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങൾ നേരത്തേയുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.  ഇത്തരത്തിൽ വേട്ടയാടാൻ പോവുന്ന സംഘത്തിൻ്റെ ദൃശ്യമാണ് സിസിടിവി യിൽ പതിഞ്ഞത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K