05 August, 2021 04:20:13 PM
കടബാധ്യത; തൊടുപുഴയിൽ കടയുടമ കടയ്ക്കുള്ളിൽ വിഷം കഴിച്ച് ജീവനൊടുക്കി
തൊടുപുഴ: കടബാധ്യതയെ തുടര്‍ന്ന് ഒരു കടയുടമ കൂടി ജീവനൊടുക്കി. ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പാട്ട് ദാമോദരനാണ് (67) മരിച്ചത്. കടയ്ക്കുള്ളിൽ വിഷംകഴിച്ച് അവശനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കിയില്‍ കടബാധ്യതയെ തുടര്‍ന്ന് രണ്ട് മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് ജീവനൊടുക്കുന്നത്.
കടയുടമയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ലോക്ക്ഡൗണില്‍ കട തുറക്കാതായതോടെ കടം പെരുകിയിരുന്നു. ദാമോദരന്‍ ബുധനാഴ്ച പതിവുപോലെ കടയില്‍ വന്നിരുന്നു. ഉച്ചയോടെ അകത്തുനിന്നും കടപൂട്ടി വിഷം കഴിക്കുകയായിരുന്നു. കടയ്ക്ക് പുറത്തുകൂടി നടന്നുപോകുന്നവര്‍ ശബ്ദംകേട്ട് പരിശോധിച്ചപ്പോഴാണ് ദാമോദരനെ അവശനിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.