31 July, 2021 10:31:23 AM
വയനാട്ടിലേക്ക് കടത്തിയ 12.5 കിലോ കഞ്ചാവുമായി 2 പേർ തലശേരിയിൽ പിടിയിൽ
കണ്ണൂർ: തലശേരിയിൽ 12.5 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ. സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശി അനസ് പി (25), മലപ്പുറം മേലാറ്റൂർ സ്വദേശി നൗഫൽ കെ.ടി (26) എന്നിവരാണ് അറസ്റ്റിലായത്. വിശാഖപട്ടണത്തെ തുനി എന്ന സ്ഥലത്തു നിന്നാണ് പ്രതികൾ വിൽപ്പനയ്ക്കായി കഞ്ചാവ് വാങ്ങിയത്. പിന്നീട് ഇത് ട്രെയിൽ മാർഗ്ഗം തലശ്ശേരിയിൽ എത്തിച്ചു.
വയനാട്ടിൽ വിൽപന നടത്താൻ വേണ്ടിയാണ് കഞ്ചാവ് കടത്തിയത് എന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു. പിടിയിലായ നൗഫലിന് എതിരെ പാലക്കാട് റെയില്‍വേ പോലീസ് സ്റ്റേഷനിൽ നേരത്തെ മയക്ക് മരുന്ന് കടത്ത് കേസ് നിലവിലുണ്ട്. ഇത് കൂടാതെ മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ പോക്സോ കേസിലും ഇയാൾ പ്രതിയാണ്.
തലശ്ശേരി സി ഐ സനൽ കുമാറിന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ പോലീസ് പട്രോളിങ്ങിനിടെയാണ് പുതിയ ബസ് സ്റ്റാന്റ് പച്ചക്കറി മാർക്കറ്റിന് സമീപം വച്ച് രണ്ട് പേരും പിടിയിലായത്.
എ എസ് ഐ രാജീവന്‍, സഹദേവന്‍, സീനിയർ സിവില്‍ പോലീസ് ഓഫീസര്‍ മാരായ സുജേഷ്, ശ്രീജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ മാരായ സരുണ്‍, നജൂബ്ദീന്‍, സുമിത്ത് തുടങ്ങിയവരും കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കഞ്ചാവ് വാങ്ങിക്കാൻ ഏൽപ്പിച്ച വയനാട് സ്വദേശിയെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.