24 July, 2021 04:43:14 PM
തൊടുപുഴയിൽ സിനിമാ ചിത്രീകരണം: നിയന്ത്രണങ്ങള്‍ പാളി; പ്രതിഷേധവുമായി നാട്ടുകാർ
ഇടുക്കി: തൊടുപുഴ കുമാരമംഗലത്ത് സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പഞ്ചായത്തിൽ ചിത്രീകരണം നടത്തുന്നതിനെതിരേയാണ് നാട്ടുകാർ രംഗത്തെത്തിയത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന "മിന്നൽ മുരളി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് നാട്ടുകാർ തടസപ്പെടുത്താൻ ശ്രമിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ചിത്രീകരണം നടത്തുന്നതെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. സ്ഥലത്ത് എത്തിയ പോലീസ് പ്രതിഷേധിച്ച നാട്ടുകാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. അനുമതി വാങ്ങിയാണ് ചിത്രീകരണമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും നാട്ടുകാർ പ്രതിഷേധം തുടർന്ന്. പിന്നീട് പോലീസ് സംരക്ഷണയിൽ സ്ഥലത്ത് ചിത്രീകരണം തുടരുകയാണ്.
ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാ ചിത്രീകരണം വീണ്ടും തൊടുപുഴയിൽ എത്തിയത്. കഴിഞ്ഞ് ദിവസമാണ് ഇൻഡോർ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയത്. സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആർടിപിസിആർ നെഗറ്റീസ് സർട്ടിഫിക്കറ്റ് വേണമെന്നത് ഉൾപ്പടെയുള്ള നിബന്ധനകൾ പാലിച്ചാണ് ഷൂട്ടിംഗ് നടത്തേണ്ടത്.