24 July, 2021 02:28:37 PM
പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡുമായി പോലീസുകാരൻ പണം തട്ടിയ കേസ് ഒത്തുതീർപ്പായി
കണ്ണൂര്‍: കണ്ണൂരിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പോലീസുകാരൻ പണം കവർന്ന കേസ് ഒത്തുതീർപ്പായി. തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഇ. എൻ. ശ്രീകാന്തിനെതിരായ കേസാണ് പരാതിക്കാരി പിൻവലിച്ചത്. പരാതിയെ തുടർന്ന് ശ്രീകാന്ത് ഇപ്പോഴും സസ്പെൻഷനിലാണ്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമേ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവു.
ചൊക്ലി ഒളവിലത്തെ കെ.കെ. മനോജ്കുമാറിന്റെ എ.ടി.എം. കാർഡ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ തെരുപ്പറമ്പ് വീട്ടിൽ ടി. ഗോകുൽ അടിച്ചുമാറ്റി പണം കവർന്നു എന്നതായിരുന്നു ആദ്യ പരാതി. ഏപ്രിൽ 1 നായിരുന്നു സംഭവം. ഈ കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായിരുന്നു ശ്രീകാന്ത്. ഏപ്രിൽ 3 ന് ഗോകുൽ അറസ്റ്റിലായി. മനോജ് കുമാറിൽ നിന്ന് തട്ടിയെടുത്ത എഴുപതിനായിരം രൂപ ഗോകുൽ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
തുടർന്ന് ശ്രീകാന്ത് സഹോദരിയുടെ എടിഎം കാർഡും പിൻ നമ്പറും കൈക്കലാക്കി എന്നാണ് പരാതി. സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് സാധനങ്ങൾ വാങ്ങുന്നതിനുമായി 28,000 രൂപ ചെലവാക്കി എന്നാണ് കേസ്. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസുദ്യോഗസ്ഥന് എതിരായ പരാതി അന്വേഷിച്ചത്.
ശ്രീകാന്ത് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിന്റെയും എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെടുത്തു. തനിക്ക് പരാതിയില്ലെന്ന് ഗോകുലിന്റെ സഹോദരി വ്യക്തമാക്കിയതോടെയാണ് കേസ് പിൻവലിക്കാൻ ഹൈകോടതി അനുമതി നൽകിയത്.