19 July, 2021 02:13:08 PM
അടിമാലിയിൽ ബേക്കറി ഉടമ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: അടിമാലിയിൽ ബേക്കറി കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. വിനോദിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴിനൽകി.
ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയ വിനോദ് കടയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പാലുമായി എത്തിയ യുവാവാണ് വിവരം പുറംലോകത്തെ അറിയിച്ചത്.