01 July, 2021 02:29:38 PM


കുഴൽപ്പണവും സൂപ്പര്‍മാര്‍ക്കറ്റും; പാലക്കാട്‌ ബിജെപിയിൽ ചേരിതിരിഞ്ഞ് കലാപം




പാലക്കാട്‌ : കുഴൽപ്പണ വിവാദത്തിൽ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെയും ബിജെപിയിൽ  പ്രതിഷേധമുയരുന്നു. മുരളീധരപക്ഷത്ത്‌ ഉറച്ചുനിൽക്കുന്ന പാലക്കാട്‌ ജില്ലാ കമ്മിറ്റിയില്‍ ചേരിമാറുന്നവരുടെ എണ്ണം കൂടുകയാണ്‌. കൃഷ്‌ണദാസ്‌ പക്ഷത്തെ നേതാവും സംസ്ഥാന നേതാവും പാലക്കാട്‌ നഗരസഭാ കൗൺസിലറുമായ  എൻ ശിവരാജനെ പൂർണമായും അവഗണിക്കുന്നതിലും എതിർപ്പ്‌ രൂക്ഷമായി. കള്ളപ്പണ വിവാദം ചൂടുപിടിച്ച സാഹചര്യത്തിൽ പല മുതിർന്ന നേതാക്കളും പാർട്ടി വിടാൻ ആലോചിക്കുന്ന ഘട്ടത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ നേരിട്ടെത്തി അനുരഞ്‌ജന ശ്രമം നടത്തി. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും ഫോണിൽ  സംസാരിച്ചു.
 
പാലക്കാട്‌ നഗരസഭാ ഭരണത്തെക്കുറിച്ച്‌ ജനങ്ങളിൽ എതിർപ്പ്‌ വർധിക്കുന്ന സാഹചര്യത്തിൽ ചെയർപേഴ്‌സൺ കെ പ്രിയയെ മാറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറിന്‍റെ ഭാര്യ മിനി കൃഷ്‌ണകുമാറിനെ ചെയർപേഴ്‌സണാക്കാനും നീക്കമുണ്ട്‌. പ്രിയയെ ചെയർപേഴ്‌സണാക്കിയതിൽ തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ വി മുരളീധരൻ ഇക്കാര്യം ഉറപ്പുനൽകിയതായാണ്‌ വിവരം. മുരളീധരപക്ഷത്ത്‌ ചോർച്ച വരുന്ന സാഹചര്യത്തിൽ ഈ നീക്കം ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തൽ. ബിജെപി ഭരിക്കുന്ന നഗരസഭ മുരളീധരപക്ഷത്ത്‌ ഉറപ്പിച്ച്‌ നിർത്തുന്നതിനുള്ള ചരടുവലിയാണ്‌ അണിയറയിൽ. 
 
അസംതൃപ്‌തരായ നേതാക്കളെ ഒപ്പം നിർത്തിയും എതിർ സ്വരങ്ങൾ ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനിടെ തെരഞ്ഞെടുപ്പ്‌ ചെലവിലേക്ക്‌ അയച്ച ഒന്നരക്കോടി രൂപ ആലത്തൂരിലെ ചില നേതാക്കൾ മുക്കിയതും അതിന്‌ ആർഎസ്‌എസ്‌ ഒത്താശ ചെയ്‌തതും വലിയ വിവാദത്തിന്‌ തിരികൊളുത്തി. കുഴൽപ്പണ വിവാദത്തിൽ ആർഎസ്‌എസും കടുത്ത നിരാശയിലാണ്‌. ഇതിനുപുറമെയാണ്‌ വടക്കഞ്ചേരിയിൽ സൂപ്പർ മാർക്കറ്റിന്‍റെ ഓഹരി വാഗ്‌ദാനം ചെയ്‌ത്‌ 35 ലക്ഷം രൂപ തട്ടിയെന്ന പരാതി പൊലീസിൽ എത്തിയത്‌.
 
തട്ടിപ്പിന്‌ നേതൃത്വം നൽകിയ വി രമേഷ്‌ ആർഎസ്‌എസ്‌ നേതാവും കെ കാർത്തികേയൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമാണ്‌. പണം നൽകി വഞ്ചിതരായ 15 പേർ ഇതിനകം പരാതിയുമായി രംഗത്തുവന്നതും ഗൗരവത്തോടെയാണ്‌ പ്രവർത്തകർ കാണുന്നത്‌. കള്ളപ്പണവിവാദം ഉയർന്നതോടെ പൊതുപരിപാടികളിൽ നേതാക്കൾക്ക്‌ തലയുയർത്തി നിൽക്കാൻ കഴിയുന്നില്ല എന്ന സങ്കടവും പങ്കുവയ്‌ക്കപ്പെടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K