30 June, 2021 09:32:17 PM
വടക്കഞ്ചേരി സ്പിരിറ്റ് വേട്ട; ഒളിവില്‍പോയ കള്ള് ഷാപ്പ് ഉടമയെ സംഘടനയില്‍നിന്നും പുറത്താക്കി
പാലക്കാട്: വടക്കഞ്ചേരി അണക്കപ്പാറയ്‌ക്കുസമീപം വന്‍തോതില്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ ഒളിവില്‍പ്പോയ കള്ള് ഷാപ്പ് ലൈസന്‍സി സോമന്‍നായരെ കള്ള് ഷാപ്പ് ഉടമകളുടെ സംഘടനയില്‍നിന്നും പുറത്താക്കി. കേരള സ്റ്റേറ്റ് ടുഡി ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ പാലക്കാട് ജില്ലാ പ്രസിഡന്‍റും സംസ്ഥാനഭാരവാഹിയുമായിരുന്നു സോമന്‍ നായര്‍. ഇന്ന് വൈകിട്ട് രക്ഷാധികാരി സെബാസ്റ്റ്യന്‍ പോളിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
സ്പിരിറ്റ് പിടികൂടിയ സംഭവം കേരളത്തിലെ കള്ള് വ്യവസായത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. കള്ള് ഷാപ്പ് ലൈസൻസിയുടെ വീട്ടില്‍നിന്നും സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍നിന്നും ഞായറാഴ്ച പുലർച്ചെയാണ് 1435 ലിറ്റർ സ്പിരിറ്റും 550 ലിറ്റർ പഞ്ചസാര ചേർത്ത സ്പിരിറ്റും 1500 ലിറ്റർ സ്പിരിറ്റ് ഉപയോഗിച്ച് നിർമിച്ച വ്യാജക്കള്ളും എക്‌സൈസ് സംഘം കണ്ടെടുത്തത്. 11,65,500 രൂപയും കണ്ടെടുത്തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് കോട്ടയം ഏറ്റുമാനൂർ സ്വദേശി വിൻസന്‍റ് (56), ആലത്തൂരിലെ ബൈജു (50), തൃശൂർ കണ്ടശാംകടവ് ചന്ദ്രൻ (65), കുഴൽമന്ദം തോട്ടക്കര ശശി (46), ചിറ്റൂർ വണ്ടിത്താവളം ശിവശങ്കരൻ (50), ആലത്തൂർ പാടൂർ പരമേശ്വരൻ (59), വടക്കഞ്ചേരി സ്വദേശി വാസുദേവൻ (57) ഏഴുപേരാണ് അറസ്‌റ്റിലായത്. ഷാപ്പ് ലൈസൻസിയും ഗോഡൗൺ ഉടമയുമായ പെരുമ്പാവൂര്‍ സ്വദേശി സോമൻ നായര്‍ (60) ഒളിവിലാണ്.
പാലക്കാട് ജില്ലയില്‍നിന്നുമാണ് കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും കള്ള് എത്തുന്നത്. സ്പിരിറ്റ് പിടിക്കപ്പെട്ടതോടെ പാലക്കാട് നിന്നുമെത്തുന്ന കള്ളില്‍ മായം കലരുന്നുവെന്ന പ്രചരണം വ്യാപകമായി. ഇതോടെ പലയിടത്തും കള്ളുഷാപ്പുകളില്‍ മദ്യപാനികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടുതുടങ്ങി. തമിഴ്നാട്ടിൽനിന്നെത്തിക്കുന്ന സ്പിരിറ്റ് ഉപയോഗിച്ചാണ് സോമന്‍നായര്‍ വ്യാജകള്ള് നിര്‍മ്മിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലർച്ചെ നാലിനാണ് സംസ്ഥാന എക്‌സൈസ് എൻഫോഴ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. അണക്കപ്പാറ പാണ്ടാംകോടുള്ള കള്ള് ഗോഡൗണിൽ കട്ടിലിന്‍റെ അടിയിൽ പ്രത്യേക അറയിൽ 10 കന്നാസുകളിലായി 350 ലിറ്ററും വഴുവക്കോടുള്ള ആളൊഴിഞ്ഞ വീട്ടിലെ റൂമിലും മച്ചിലുമായി 31 കന്നാസുകളിലായി 1085 ലിറ്റർ സ്പിരിറ്റുമാണ് സൂക്ഷിച്ചിരുന്നത്. മുപ്പതോളം വരുന്ന എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്.