30 June, 2021 02:53:09 PM
ചാരായം വാറ്റ്: യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ അറസ്റ്റിൽ
ആലപ്പുഴ: എടത്വ കേന്ദ്രീകരിച്ച് ചാരായം വാറ്റും വില്പനയും നടത്തിയ കേസിൽ ഒളിവിലായിരുന്ന യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ അനൂപ് എടത്വയെ പോലീസ് അറസ്റ്റ് ചെയ്തു. ചാരായക്കടത്തുമായി ബന്ധപ്പെട്ട് മുൻപ് പ്രദേശത്തുനിന്നും അറസ്റ്റിലായവരിൽ നിന്നാണ് യുവമോർച്ച നേതാവിന്റെ പങ്ക് വ്യക്തമാകുന്ന തെളിവുകൾ ലഭിച്ചത്. അനൂപിന്റെ സഹോദരൻ ഉൾപ്പടെയുള്ളവർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.
ചാരായം വിൽപ്പനയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പടെയുള്ളവർ പിടിയിലായതോടെയാണ് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയത്. കോവിഡ് പ്രതിരോധ നടപടികളിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകർക്ക് നൽകുന്ന പാസിന്റെ മറവിലായിരുന്നു വിൽപ്പന. അറസ്റ്റിലായ അനൂപ് കുട്ടനാട് റെസ്ക്യൂ ടീം എന്ന സന്നദ്ധ സംഘനയുടെ പ്രസിഡന്റായിരുന്നു. ഇതിന്റെ മറവിലായിരുന്നു ഇയാളുടെ കച്ചവടം.
അനൂപിനെ നേരത്തെ തന്നെ സംഘടനാ ചുമതലകളിൽ നിന്നും നീക്കിയെന്നാണ് യുവമോർച്ചയുടെ വിശദീകരണം.