08 June, 2021 07:03:36 PM


കോവിഡ് ബാധിതരുടെ വീട്ടിലെ പശുക്കൾക്ക് മാരാരിക്കുളത്ത് സംരക്ഷണകേന്ദ്രം



ആലപ്പുഴ : കോവിഡ് ബാധിതരുടെ വീട്ടിലെ പശുക്കൾക്ക് സംരക്ഷണ കേന്ദ്രമൊരുക്കി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്‌. പഞ്ചായത്തിലെ 16ാം വാർഡ് കോളേജ് ജംഗ്ഷൻ നിവാസികളായവർക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടിലെ കറവപശുവിനെയും കുഞ്ഞിനെയുമാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പശുവിനെ പരിചരിക്കാൻ വീട്ടിൽ ആരുമില്ലാത്തതിനാലാണ് സംരക്ഷണം പഞ്ചായത്ത്‌ ഏറ്റെടുത്തത്.


കലവൂർ മാരൻകുളങ്ങര നിവാസിയായ മുരളിയുടെ പഴയ ഫാമാണ് പശുക്കൾക്ക് സംരക്ഷണകേന്ദ്രമായത്. മുരളിക്ക് നേരത്തെ പശുക്കളുടെ ഫാം ഉണ്ടായിരുന്നു. നിലവിൽ ഒരു പശുവിനെ മാത്രം വളർത്തുന്ന മുരളി പശുവിനെ സംരക്ഷിക്കാമെന്ന് പഞ്ചായത്തിനെ സന്നദ്ധത അറിയിക്കുകയായിരുന്നു. പശുക്കളുടെ സംരക്ഷണത്തിനും പരിചരണത്തിനും മറ്റുമുള്ള സഹായങ്ങൾ മുരളിക്ക് നൽകുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി. സംഗീത പറഞ്ഞു. പശുവിനെ കറക്കാനായി പഞ്ചായത്ത്‌ തന്നെ ഒരു കറവക്കാരനെയും ചുമതലപെടുത്തിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K