08 June, 2021 08:53:55 AM
'അഗ്നിപരീക്ഷണം': തില്ലങ്കേരിയിലെ കുട്ടികൾക്ക് ഇക്കുറിയും പഠനം പുരപ്പുറത്ത്
കണ്ണൂർ: രണ്ടാം വർഷവും പഠനം ഓൺലൈനിലായപ്പോൾ അഗ്നിപരീക്ഷണത്തിലായിരിക്കുകയാണ് തില്ലങ്കേരി ആലയാട് പ്രദേശത്തെ വിദ്യാർഥികൾ. നേരാംവണ്ണം പഠിക്കാന്‍ കഴിയാതെയാണ് ഒരു അധ്യയന വർഷം കഴിഞ്ഞുപോയത്. എന്നാൽ പ്രതീക്ഷയ്ക്ക് വക നൽകാതെ ഈ വർഷവും ഓൺലൈൻ ക്ലാസുകൾ തുടങ്ങി. ഈ പ്രദേശത്തെ നൂറോളം വിദ്യാർഥികളാണ് മൊബൈൽ റേഞ്ച് കുറവായതിനാൽ പഠനം അപകടരമായ രീതിയിൽ റോഡരികിലും വീടിന്റെ ടെറസിലുമായി തള്ളിനീക്കുന്നത്.
ചുരുക്കം വീടുകളിൽ ടെലിവിഷൻ ഉണ്ടെങ്കിലും പ്രവർത്തനങ്ങൾ അയയ്ക്കാൻ ഇന്റർനെറ്റ് കൂടിയേ തീരൂ. മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അതാത് അധ്യാപകർ ഓൺലൈനിലൂടെ ക്ലാസ് എടുക്കുകയും ഗൂഗിൾ മീറ്റ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും തുടങ്ങിയെങ്കിലും ഈ പ്രദേശത്തെ കുട്ടികൾക്ക് ഇതിലൊന്നും പങ്കെടുക്കാൻ സാധിക്കുന്നില്ല.
കഴിഞ്ഞ വർഷങ്ങളിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നെങ്കിലും ടെലികോം കമ്പനികളെ നിരന്തരം ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. കേബിൾ ടിവി വഴിയുള്ള നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുമെങ്കിലും ഓരോ വീട്ടിലേക്കും പ്രത്യേകം തുക നൽകി കണക്ഷൻ എടുക്കാൻ കഴിയാത്ത പ്രയാസത്തിലാണ് രക്ഷിതാക്കൾ.