06 June, 2021 04:53:25 PM


മൂന്നു വർഷം മുമ്പ് നിശ്ചയിച്ച വിവാഹം മൂന്നു തവണ മാറ്റിവെച്ചു; അവസാനം മിന്നുകെട്ട് ജങ്കാറിൽ



ആലപ്പുഴ: വിവാഹ നിശ്ചയം മൂന്നു വർഷം മുമ്പ് നടന്ന വിവാഹം മാറ്റിവെച്ചത് മൂന്നു തവണ. അവസാനം കഴിഞ്ഞ ദിവസം മിന്നുകെട്ട് നടന്നത് ജങ്കാറിൽ വെച്ച്. ആലപ്പുഴ തകഴിയിലാണ് നങ്കൂരമിട്ട ജങ്കാർ വിവാഹ വേദിയായത്. തെന്നടി സ്വദേശിയായ ആതിരയും ചെങ്ങന്നൂർ സ്വദേശിയായ അഖിലും തമ്മിലുള്ള വിവാഹമാണ് വ്യത്യസ്തമായ വേദിയിൽ നടന്നത്.


മെയ് 22ന് നടക്കേണ്ടിയിരുന്ന വിവാഹം ജൂൺ അഞ്ചിന് വധുഗൃഹത്തിൽ നടത്താൻ തീരുമാനിച്ചു. എന്നാൽ കനത്ത മഴയിൽ വീട് വെള്ളത്തിലായതോടെ വിവാഹം ജങ്കാറിൽ വെച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവിധ പ്രശ്നങ്ങൾ കാരണം മൂന്നു തവണ മാറ്റിവെച്ച വിവാഹമാണ് ഒടുവിൽ ജങ്കാറിൽ ഒരുക്കിയ മണ്ഡപത്തിൽ നടന്നത്. ആതിരയുടെ തെന്നടി പള്ളിതോട്ടിന് സമീപത്ത് നിർമ്മാണം പുരോഗമിക്കുന്ന വീടിനു മുന്നിൽ നങ്കൂരമിട്ട ജങ്കാറിൽവെച്ചായിരുന്നു വിവാഹം.


കോവിഡും കണ്ടെയ്ന്‍മെന്റ് സോണും മഴയുമൊക്കെ കാരണമാണ് ഇതിനോടകം മൂന്നു തവണ വിവാഹ തീയതിയും വേദിയുമൊക്കെ മാറ്റേണ്ടി വന്നത്. മൂന്നു വർഷം മുമ്പ് വിവാഹം നിശ്ചയിച്ചെങ്കിലും പിന്നീട് പ്രതിശ്രുത വധു വാഹനാപകടത്തിൽ പെട്ടതും വരൻ കോവിഡ് കാരണം വിദേശത്തു കുടുങ്ങിയതും വിവാഹം മുടങ്ങാൻ കാരണമായി. എല്ലാ തടസങ്ങളും മാറി, മെയ് 22ന് കുന്നുമ്മ അംബേദ്കര്‍ സ്മാരക ഹാളില്‍വെച്ച് വിവാഹം നടത്താന്‍ നിശ്ചയിച്ചു.


കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒരാഴ്ചയായി അവിടെയും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി. തുടർന്ന് വിവാഹം വധുവിന്‍റെ വീട്ടിൽവെച്ച് ജൂൺ അഞ്ചിന് നടത്താൻ നിശ്ചയിച്ചു. എന്നാൽ കനത്ത മഴയിൽ വീടിന് ചുറ്റും വെള്ളം കയറിയതോടെ വിവാഹം വീണ്ടും അനിശ്ചിതത്വത്തിലാകുകയായിരുന്നു. ഇതേ തുടർന്ന് വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ കൂടിയാലോചിച്ചാണ് ജങ്കാറില്‍ വിവാഹ പന്തല്‍ ഒരുക്കാന്‍ തീരുമാനിച്ചത്. ആതിരയുടെ വീട്ടുകാരാണ് ഇക്കാര്യം നിർദേശിച്ചത്. തുടർന്ന് അഖിലും കുടുംബവും ഇതിനോട് യോജിച്ചു. അങ്ങനെ പള്ളാത്തുരുത്തിയില്‍ നിന്നു ജങ്കാര്‍ എത്തിച്ച്‌ പന്തലും മണ്ഡപവും ഒരുക്കി.


തെന്നടി അരുണ്‍ നിവാസില്‍ എം പി കുഞ്ഞുമോന്റെയും രമണിയുടെയും മകളാണ് ആതിര. ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് കൊയ്പ്പള്ളിയില്‍ ചെല്ലപ്പന്റെയും ചെല്ലമ്മയുടെയും മകനാണ് അഖില്‍. വിവാഹവേദിയായത് ജങ്കാർ ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടന്നത്. താലികെട്ടിന് ശേഷം സദ്യയും ജങ്കാറിലൊരുക്കി. 


മൂന്നു വർഷം മുമ്പ് അഖിലിന്‍റെയും ആതിരയുടെയും വിവാഹം നടത്താനായി നിശ്ചയിച്ച തീയതിക്കു തൊട്ടു മുമ്പ് വാഹനാപകടത്തിൽ ആതിരയ്ക്കും മാതാപിതാക്കൾക്കും ഗുരുതരമായി പരിക്കേറ്റതോടെ വിവാഹം മുടങ്ങി. ആതിരയും മാതാപിതാക്കളും സഞ്ചരിച്ച ഓട്ടോ മറ്റൊരു ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


വിവാഹ നിശ്ചയ ശേഷം വിദേശത്ത് പോയ അഖില്‍ കോവിഡ് വ്യാപനം കാരണം അവിടെ കുടുങ്ങി. വിവാഹ നിശ്ചയിച്ച തീയതിക്ക് നാട്ടിൽ എത്താനാകാതെ പോയതോടെ വീണ്ടും മാറ്റിവെച്ചു. അതിനുശേഷം കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന വിവാഹം ലോക്ക്ഡൌൺ കാരണം വീണ്ടും മാറ്റുകയായിരുന്നു. വിദേശത്ത് പെയിന്‍റിങ് തൊഴിലാളിയാണ് അഖിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K