04 June, 2021 02:11:38 PM


സിനിമാ ചിത്രീകരണത്തിന് ആര്‍ട്ടിസ്റ്റുകള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; യുവാവ് അറസ്റ്റില്‍



പാലക്കാട്: സിനിമാ ചിത്രീകരണത്തിനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നിര്‍മ്മാതാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിനയന്‍ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്ക്കായി ജൂനിയര്‍ താരങ്ങളെ കൊണ്ടുവരാനാണ് ജൂനിയര്‍ ആര്‍ടിസ്റ്റ് കോ- ഓര്‍ഡിനേറ്റര്‍ തട്ടിപ്പ് നടത്തിയത്. 


സിനിമകള്‍ക്ക് ജൂനിയര്‍ താരങ്ങളെ സംഘടിപ്പിച്ചു നല്‍കുന്ന ആലത്തൂര്‍ സ്വദേശി തീഷിനെയാണ് സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് നല്‍കിയ പരാതിയെ തുടര്‍ന്ന്  മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മലമ്പുഴയില്‍ ചിത്രീകരണം നടന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയിലേക്ക് ജൂനിയര്‍ താരങ്ങളെ നല്‍കിയത് പ്രതീഷായിരുന്നു. ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍, പ്രതീഷ് ജൂനിയര്‍ താരങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍മ്മാതാവ് ഗോകുലം ഗോപാലനില്‍ നിന്നും പത്തു ലക്ഷത്തോളം രൂപ വാങ്ങി.


ആലത്തൂരിലെയും, തൃശൂരിലെയും ലാബില്‍ പരിശോധന നടത്തിയെന്നാണ് പ്രതീഷ് പറഞ്ഞത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നി പ്രൊഡക്ഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് വ്യക്തമായത്. ഇതോടെ സിനിമയുടെ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് കൃഷ്ണമൂര്‍ത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരി 10 മുതല്‍ ഏപ്രില്‍ നാലുവരെയാണ് മലമ്പുഴയില്‍ സിനിമയുടെ ചിത്രീകരണം നടന്നത്. ഈ സമയങ്ങളില്‍ മൂവായിരത്തോളം ജൂനിയര്‍ താരങ്ങളെ കൊണ്ടുവരുന്നതിനാണ് വ്യാജകോവിഡ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി തട്ടിപ്പ് നടത്തിയത്.


പൊലീസ് നടത്തിയ പരിശോധനയില്‍ പ്രതീഷിന്‍റെ വീട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും, വ്യാജ സര്‍ട്ടിഫിക്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് ചൂണ്ടിക്കാണിച്ചതിന് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവിനെ പ്രതീഷ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. മലമ്പുഴ സി.ഐ. ബി.കെ. സുനില്‍ കൃഷ്ണനാണ് അന്വേഷണ ചുമതല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K