02 June, 2021 05:51:06 PM


ആലപ്പുഴയില്‍ നിമിഷങ്ങൾ കൊണ്ട് അഗ്നിഗോളമായത് രണ്ട് ഹൗസ്ബോട്ടുകള്‍



ആലപ്പുഴ: ആലപ്പുഴ പള്ളത്തുരുത്തി ഔട്ട് പോസ്റ്റിന് സമീപം രണ്ട് ഹൗസ് ബോട്ടുകൾ കത്തി നശിച്ചു. ഇന്നു പുലർച്ചെ മൂന്ന് മണിയോടെ നടന്ന അഗ്നിബാധയിൽ ആളപായം ഇല്ല. ഫയർഫോഴ്സ് എത്തിയെങ്കിലും മോട്ടോർ കേടായതിനാൽ തീയണക്കാൻ കഴിയാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. ആലപ്പുഴ പള്ളത്തുരുത്തി പഴവീട് കന്നിട്ടയിലാണ് പുലർച്ചെ മൂന്ന് മണിയോടെ ഹൗസ് ബോട്ടുകൾ കത്തി നശിച്ചത്. കൊയ്നോണിയ ക്രൂസിന്റെ ഒന്ന്, രണ്ട് ബോട്ടുകളാണ് പൂർണമായും അഗ്നിക്കിരയായത്. പുലർച്ചെ മൂന്ന് മണിയോടെ ബോട്ടിൽ തീ പടരുന്നത് സമീപപ്രദേശത്തെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.


തീ പിടിച്ച സമയത്ത് ബോട്ടിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. സമീപബോട്ടിലെ ജീവനക്കാരും നാട്ടുകാരും തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫയർഫോഴ്സ് എത്തി വെള്ളം പമ്പ് ചെയ്തെങ്കിലും മോട്ടോർ കേടായതിനാൽ പമ്പിംഗ് തുടരാനായില്ല. തുടർന്ന് ബോട്ട് പൂർണമായും കത്തി നശിക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികൾ പ്രതിഷേധം ഉയർത്തി. എല്ലാവരും നോക്കി നിൽക്കേ ബോട്ട് പൂർണമായും കത്തിയമർന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദിവസങ്ങളായി ഓടാതിരുന്ന ബോട്ട് പെട്ടെന്ന് അഗ്നിക്കിരയായതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K