26 May, 2021 01:39:04 PM
സിറ്റി പൊലീസ് മേധാവി വേഷം മാറി ബൈക്കില്‍ കറങ്ങി; 'പിടിവീണത്' പൊലീസുകാര്‍ക്ക്
കണ്ണൂര്‍: കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധനക്ക് ചുമതലപ്പെട്ട പൊലീസുകാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായി സിറ്റി പൊലീസ് മേധാവി കണ്ടെത്തി. വേഷംമാറി ബൈക്കില്‍ 'കറങ്ങി'യപ്പോഴാണ് കമീഷണര്‍ ആര്‍. ഇളങ്കോവിന് പൊലീസുകാരുടെ അലംഭാവം ബോധ്യപ്പെട്ടത്. ഇതേതുടര്‍ന്ന് കൃത്യ നിര്‍വഹണത്തില്‍ അലംഭാവം കാട്ടിയ നാലു പൊലീസുകാരെ കമീഷണറുടെ ഓഫിസില്‍ വിളിച്ചുവരുത്തി താക്കീതുനല്‍കി. ഞായറാഴ്ച വൈകീട്ടായിരുന്നു ഇളങ്കോ ബൈക്കില്‍ വേഷംമാറി യാത്രചെയ്തത്.
ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെട്ടിപ്പീടിക, വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലില്‍ ബീച്ചിലുമാണ് കമീഷണര്‍ 'കറങ്ങി'യത്. പലതവണ കടന്നുപോയിട്ടും ബൈക്ക് തടയാനോ പരിശോധന നടത്താനോ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തയാറായില്ല. മറ്റു വാഹനങ്ങളും പരിശോധിക്കുന്നതായി കമീഷണര്‍ നിരീക്ഷിച്ചെങ്കിലും കണ്ടില്ല. രണ്ടിടത്തും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയാണ് തിങ്കളാഴ്ച ഓഫിസില്‍ വിളിച്ചുവരുത്തി താക്കീതുചെയ്തത്.