21 May, 2021 10:34:52 AM
കോവിഡ്: പാലക്കാട് ജില്ലയില്‍ 30 തദ്ദേശ സ്ഥാപനങ്ങൾ കൂടി പൂർണമായി അടച്ചു
പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങൾ കൂടി പൂർണമായും അടച്ചു. 28 പഞ്ചായത്തും ചെർപ്പുളശേരി, ചിറ്റൂർ–തത്തമംഗലം നഗരസഭകളുമാണ് വെള്ളിയാഴ്‌ച മുതൽ അടയ്ക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവ പൂർണമായി അടഞ്ഞ് കിടക്കുമെന്ന് കലക്ടർ അറിയിച്ചു. നേരത്തെ 29 പഞ്ചായത്തും രണ്ട് നഗരസഭയും അടച്ചിട്ടിരുന്നു.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് അടച്ചിടുന്നത്. ഇവിടങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒരൊറ്റ വഴിമാത്രമേ ഉണ്ടാവൂ. മറ്റെല്ലാ വഴിയും പൂർണമായി അടയ്ക്കും.
സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ജില്ലയിൽ വ്യാപനതോത് ഉയർന്നു നിൽക്കുന്നു. ഇതോടെയാണ് കൂടുതൽ പ്രദേശം അടച്ചിടാൻ തീരുമാനിച്ചത്. നഗരസഭ, പഞ്ചായത്ത് എന്നിവയുടെ അതിർത്തി അടയ്ക്കുന്നത് പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും ചേർന്നാണ്. ഈ പ്രദേശത്ത് അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ പകൽ രണ്ടുവരെ തുറക്കാം. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആളുകൾ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ പാടില്ല.
ഭക്ഷണവും അവശ്യസാധനങ്ങളും പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയോഗിക്കുന്ന ആർആർടിമാർ, വളണ്ടിയർമാർ എന്നിവർ വീടുകളിൽ എത്തിക്കും. എല്ലാ വാർഡിലും ഇതിനായി 15 അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നമ്പറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശുപത്രി, മരണവീട് എന്നിവിടങ്ങളിലേക്ക് പോകാൻ പൊലീസിനെയോ തദ്ദേശ സ്വയംഭരണസ്ഥപനത്തെയോ അറിയിച്ച് പുറത്തുപോകാം. പ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. ലോക്ക്‌ഡൗൺ ഇളവുകളൊന്നും പ്രദേശത്ത് ബാധകമല്ല.
അടച്ചിടുന്ന നഗരസഭകൾ:
ചെർപ്പുളശേരി, ചിറ്റൂർ - തത്തമംഗലം
പഞ്ചായത്തുകൾ:
അഗളി, അലനല്ലൂർ, ചാലിശേരി, എരിമയൂർ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ, കുത്തനൂർ, ലെക്കിടി–പേരൂർ, മാത്തൂർ, മുണ്ടൂർ, നെല്ലായ, നെല്ലിയാമ്പതി, നെന്മാറ, പറളി, പട്ടഞ്ചേരി, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുക്കോട്, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തൃക്കടീരി, വടകരപ്പതി, വടവന്നൂർ, വണ്ടാഴി.