19 May, 2021 09:21:45 PM
ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ആരംഭിച്ചു; പ്രവേശനം പോർട്ടൽ മുഖേനയും
ആലപ്പുഴ : ജില്ലയിലെ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ആര്‍.ഷൈല അറിയിച്ചു. എട്ടുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം സമ്പൂർണ്ണ പോർട്ടൽ (www.sampoorna.kite.kerala) മുഖേനയും നടത്താം .ആധാർ കാർഡ് ഉള്ള കുട്ടികൾക്ക് അവരുടെ ആധാർ നമ്പരും പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുമ്പോൾ നൽകാവുന്നതാണ്. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനവും പുരോഗമിക്കുകയാണ്.
പ്രധാനാധ്യാപകരെ ഫോണിൽ കൂടി വിളിച്ചും രക്ഷിതാക്കൾക്ക് പ്രവേശനം ഉറപ്പാക്കാം. ലോക്ഡൗണിന് ശേഷവും കുട്ടികളെ സ്കൂളിലെത്തി ചേർക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ജൂൺ ആദ്യം തന്നെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ വിദ്യാലയങ്ങൾ നവാഗതരെ വരവേൽക്കാൻ സജ്ജമായി.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ നിർമ്മാണത്തിലുള്ള ഏഴ് സ്കൂളുകളുകളുടെ നിർമാണ പ്രവർത്തികൾ തൊണ്ണൂറ് ശതമാനത്തോളം പൂർത്തിയായി. ജി.എച്ച്.എസ്.എസ് ഹരിപ്പാട്, ജി.എച്ച്.എസ്.എസ് രാമപുരം, ജി.എച്ച്.എസ്.എസ് ബുധന്നൂർ, ജി.വി.എച്ച്.എസ് എലിപ്പകുളം, ജി. എൽ.പി.എസ് കാരക്കാട് ,ജി.യു.പി. എസ് പുത്തൻകാവ്, ജി.എച്ച്.എസ്.എസ് പുലിയൂർ , എന്നീ സ്കൂളുകളുടെ നിർമ്മാണ പ്രവൃത്തികളാണ് അവസാന ഘട്ടത്തിലെത്തിയിട്ടുള്ളത്.
പൊതു വിദ്യാലയങ്ങൾ ഹൈടെക്കും, മികവിന്റെ കേന്ദ്രങ്ങളുമായതിനാൽ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ കൂടുതലായി പൊതു വിദ്യാലയങ്ങളിലേക്ക് എത്തുന്നുണ്ട്. സ്കൂളുകളിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ് അവസാനത്തോടെ പൂർത്തികരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓഡിനേറ്റര്‍ എ.കെ.പ്രസന്നന്‍ അറിയിച്ചു.