19 May, 2021 06:00:59 PM


തോറ്റെങ്കിലും വാക്ക് പാലിച്ച് മെട്രോമാൻ; മധുരവീരൻ കോളനിയില്‍ വെളിച്ചമെത്തി



പാലക്കാട്: സ്ഥാനാർത്ഥിയായി എത്തിയപ്പോൾ നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ പരാജയം മെട്രോമാന് മുന്നില്‍ തടസമായില്ല. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥി ആയിരുന്ന ഇ ശ്രീധരൻ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും താന്‍ നല്‍കിയ വാക്ക് പാലിക്കാന്‍ തയ്യാറായതോടെ മധുരവീരൻ കോളനിയിലെ കുറേ കുടുംബങ്ങളിലേക്ക് കൂടി കഴിഞ്ഞിദിവസം വൈദ്യതിവെളിച്ചമെത്തി.


തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നഗരസഭ മൂന്നാം വാർഡിൽ ഉൾപ്പെട്ട മധുരവീരൻ കോളനിയിൽ എത്തിയപ്പോൾ ആയിരുന്നു തങ്ങൾക്ക് വൈദ്യുതി ലഭ്യത ഉറപ്പാക്കണമെന്ന അഭ്യർത്ഥനയുമായി അവിടുത്തെ നിരവധി കുടുംബങ്ങൾ ഇ ശ്രീധരന്‍റെ മുമ്പാകെ എത്തിയത്. കുടിശ്ശിക തീർക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നൽകിയാണ് മെട്രോമാൻ മടങ്ങിയത്. തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടെങ്കിലും വാഗ്ദാനം പാലിക്കുന്ന കാര്യത്തിൽ അദ്ദേഹം ട്രാക്ക് മാറിയില്ല. 


ഒമ്പത് കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനുള്ള തുകയും ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശികയും തീർക്കാൻ 81, 525 രൂപയുടെ ചെക്ക് അദ്ദേഹം കെ എസ് ഇ ബി കൽപാത്തി സെക്ഷൻ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ പേരിൽ അയച്ചു നൽകുകയായിരുന്നു. നഗരസഭ ഉപാധ്യക്ഷൻ ഇ കൃഷ്ണദാസ് ഇതിന്‍റെ സമ്മതപത്രവും കൈമാറി. ഇതോടൊപ്പം വാർഡ് തല ആർ ആർ ടി അംഗങ്ങൾക്ക് പൾസ് ഓക്സിമീറ്ററും ശ്രീധരന്‍ വിതരണം ചെയ്തു. വാർഡ് കൗൺസിലർ വി നടേശൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ പി സ്മിതേഷ്, ആശാ പ്രവർത്തക സെമീന എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K