19 May, 2021 05:42:44 PM


'ഞാൻ പോയില്ലെങ്കിൽ മുഖ്യമന്ത്രി ചെറുതാകും'; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജനാർദ്ദനൻ



കണ്ണൂർ: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദ്ദനൻ തീരുമാനം മാറ്റി. 'ഞാൻ പോകാതിരുന്നാൽ മുഖ്യമന്ത്രി ചെറുതായി പോകും' അതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങിൽ താന്‍ പങ്കെടുക്കുമെന്ന് ജനാര്‍ദ്ദനന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡും കാലാവസ്ഥയും പരിഗണിച്ച് ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നില്ലന്ന് ജനാർദ്ദനൻ ഇന്നലെ പറഞ്ഞിരുന്നു. ജീവിതത്തിലെ ആകെയുണ്ടായിരുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കഴിഞ്ഞ ദിവസം ക്ഷണം ലഭിച്ചിരുന്നു. 


'മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക പരിഗണനയാണ് എനിക്ക് തന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിളിച്ച് പോകാന്‍ തയ്യാറായാല്‍ മാത്രം മതി, അവിടെ എത്തിക്കാന്‍ എല്ലാ സൗകര്യവും ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് വിഷമമുണ്ടെങ്കില്‍ നിര്‍ബന്ധിക്കേണ്ട, കണ്ണൂരില്‍ വരുമ്പോള്‍ എന്നെ കാണാന്‍ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നാണ് അറിഞ്ഞത്. അത് ഞാന്‍ വല്യ ആളും മുഖ്യമന്ത്രി ചെറുതായിപ്പോകുന്ന അവസ്ഥയുമാകുമോ എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ അങ്ങോട്ടുപോകാന്‍ തീരുമാനിച്ചത്." ജനാര്‍ദ്ദനന്‍ പറഞ്ഞു. 


ബാങ്ക് അക്കൌണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയാണ് ജനാർദ്ദനൻ വാക്സിൻ ചലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്. സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് ആകാശത്തിലാണോ ഭൂമിയിലാണോ എന്ന് അറിയാതായെന്ന് കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനൻ പറഞ്ഞത്. തന്‍റെ സമ്പാദ്യം മുഴുവൻ വാക്സിൻ ചാലഞ്ചിനായി സംഭാവന നൽകിയാണ് ജനാർദ്ദനൻ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് കണ്ണൂർ സ്വദേശി ചാലാടൻ ജനാർദ്ദനൻ.സത്യപ്രതിജ്ഞാ ചടങ്ങിനായി അദ്ദേഹം ഇന്നു തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K