18 May, 2021 02:32:13 PM


കന്നിയങ്കം ഇരുപത്തിയാറാം വയസ്സിൽ; അഞ്ചാം വിജയത്തിൽ മന്ത്രിയായി പാലായുടെ പുത്രന്‍



തൊടുപുഴ: രാഷ്ട്രീയ എതിരാളികളെ  ഞെട്ടിച്ച്‌  യു ഡി എഫ് കോട്ടകളിൽ പോലും മികച്ച ഭൂരിപക്ഷം നേടി അഞ്ചാം തവണയും ഹൈറേഞ്ചിന്‍റെ മണ്ണില്‍ വെന്നികൊടി പാറിച്ച പാലായുടെ പുത്രന് ഇത്തവണ ലഭിച്ചത് ഇരട്ടിമധുരം തന്നെ. പാലാ ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ വീട്ടില്‍ അഗസ്റ്റിന്‍ ലീലാമ്മ ദമ്പതികളുടെ മകനായി 1969 ജനുവരി 20 ന് ജനിച്ച റോഷി അഗസ്റ്റിന്‍  കന്നിയങ്കത്തിന് പേരാമ്പ്രയില്‍ ഇറങ്ങിയത് ഇരുപത്തിയാറാം വയസില്‍. ആദ്യം പരാജയം ഏറ്റുവാങ്ങിയെങ്കിലും അത് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറി. അഞ്ചാം തവണയും വിജയം ആവര്‍ത്തിച്ചപ്പോള്‍ മന്ത്രിയുമായി.


സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നേതൃത്വത്തിലേക്ക് ഇറങ്ങിയ റോഷി ഇടക്കോലി ഗവ. ഹൈസ്കൂള്‍ ലീഡറായിരുന്നു. പിന്നീട് കെ.എസ്.സി (എം) യൂണിറ്റ് പ്രസിഡന്‍റായും പാലാ സെന്‍റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്‍റായും യൂണിയന്‍ ഭാരവാഹിയായും മാറി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തന്നെ പാര്‍ട്ടി നേതൃനിരയിലേക്കെത്തി. കേരളാ കോണ്‍ഗ്രസ് (എം) ന്‍റെ ഭാരവാഹിയായിമാറി.


കേരളാ ലീഗല്‍ എയ്ഡ് അഡ്വൈസറി ബോര്‍ഡ് മെമ്പറായും രാമപുരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി ആദ്യകാല പ്രവര്‍ത്തനം. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്‍റായിരിക്കെ അഴിമതിക്കും ലഹരിവിപത്തുകള്‍ക്കുമെതിരെ 1995 ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന പദയാത്രയും 2001 ല്‍ വിമോചന യാത്രയും  നടത്തി ശ്രദ്ധേയമായി.


ഇരുപത്തിയാറാം വയസില്‍ നിയമസഭയിലേക്കുള്ള കന്നിയങ്കം പേരാമ്പ്രയില്‍ നിന്ന്. കന്നിയങ്കത്തിൽ പരാജയം സംഭവിച്ചെങ്കിലും  കെ.എം മാണിയുടെ  പ്രിയ ശിഷ്യന്‍ 2001 ല്‍ ഇടുക്കിയില്‍ നിന്നും സിറ്റിങ് എം.എല്‍.എ യെ പരാജയപ്പെടുത്തി . തുടര്‍ന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി. കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. കെ എം മാണി പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് റോഷി.


ഇടുക്കി മെഡിക്കല്‍ കോളേജും പുതിയ താലൂക്കും നിരവധിയായ റോഡുകളും പാലങ്ങളും ഹൈടെക് സൗകര്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഷിയുടെ ഇച്ഛാശക്തിയുടെ ഭാഗമായാണ് യാഥാര്‍ത്ഥ്യമായത്.കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇടുക്കിയിൽ മെഡിക്കൽ കോളേജിന് അനുമതി നൽകി പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. 2018 ലെ മഹാപ്രളയത്തിൽ ജനങ്ങളോടൊപ്പം നിലകൊണ്ട് പുനർനിർമ്മാണം സാധ്യമാക്കാൻ കഴിഞ്ഞു.


തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ നഴ്സ് ആയ റാണിയാണ് ഭാര്യ. മൂത്തമകള്‍ ആന്‍മരിയ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ എട്ടാം ക്ലാസിലും ഇളയ മകന്‍ അഗസ്റ്റിന്‍ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K