17 May, 2021 08:48:24 AM
ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതായി ആരോപണം
ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടതായി ആരോപണം. ഹരിപ്പാടുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് ട്രെയിനി ആയ യുവതിയാണ് സോഷ്യൽ മീഡിയയിലൂടെ ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മൂന്നുമാസമായി ഇവിടെ ട്രെയിനി ആയി ജോലി ചെയ്യുന്ന കരുവാറ്റ സ്വദേശിയായ യുവതിക്ക് നൈറ്റ് ഡ്യൂട്ടിക്കിടെയാണ് രോഗലക്ഷണങ്ങൾ ഉണ്ടായത്. ഇതിനെ തുടർന്ന പരിശോധനയ്ക്കായി സ്രവം നൽകിയ ശേഷം ഡ്യൂട്ടി തുടർന്നു. പുലർച്ചയോടെ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ തന്നെ ആശുപത്രി അധികൃതർ ഇറക്കിവിട്ടെന്നാണ് പരാതി.
ഒരുമണിക്കൂറിലധികം റോഡരികിൽ നിന്ന നഴ്സിനെ വീട്ടുകാർ എത്തിയാണ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകൾ. ജോലിക്കിടെ രോഗം സ്ഥിരീകരിച്ചിട്ടും അവിടെത്തന്നെ ചികിത്സിക്കുകയോ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യാതെ ഇറക്കിവിട്ടു എന്നാണ് ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകുമെന്നാണ് നഴ്സിന്‍റെ ബന്ധുക്കൾ പറയുന്നത്.
എന്നാൽ മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ സഹപ്രവർത്തകര്‍ യുവതിയെ പുറത്തിറക്കി നിർത്തിയതാകാമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പുറത്തിറക്കി നിർത്തുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും പരിശോധിച്ചു നടപടി എടുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.