16 May, 2021 02:01:13 PM


കൊവിഡിനൊപ്പം വെള്ളക്കെട്ടും രൂക്ഷം: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജനജീവിതം ദുസ്സഹമായി



ആലപ്പുഴ: ശക്തമായ മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലാണ്. വെള്ളക്കെട്ട് രൂക്ഷമായ തലവടി, എടത്വ, കൈനകരി തുടങ്ങിയ പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമാണ്. കൊവിഡ് മഹാമാരി കാലമായതിനാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിക്കാനും ബുദ്ധിമുട്ടുണ്ട്. പമ്പ, മണിമല ആറുകളിലൂടെ എത്തുന്ന കിഴക്കൻ വെള്ളം, ഒഴുകി പോയാലേ ദുരിതത്തിന് പരിഹാരമാകൂ.


തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചെങ്കിലും കടൽ പ്രക്ഷുബ്ദമായതിനാൽ അധികജലം ഒഴുകിപോകുന്നില്ല. എന്നാൽ വെള്ളപ്പൊക്ക ഭീതി മുന്നിൽകണ്ട് പൊഴി മുറിക്കുന്ന ജോലികൾ സമയബന്ധിതമായി ജലസേചനവകുപ്പ് തുടങ്ങിയില്ലെന്ന ആക്ഷേപം ശക്തമാണ്. തണ്ണീർമുക്കം ബണ്ടിന്‍റെ 88 ഷട്ടറുകൾ തുറന്നിട്ടുണ്ട്. കുട്ടനാട്ടിലെ ജലനിരപ്പ് വരും ദിവസങ്ങളിൽ കുറയുമെന്നാണ് അധികൃതർ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K