01 January, 2016 03:29:40 PM


മഞ്ചേരി മെഡിക്കല്‍ കോളേജിന് പൊതുമരാമത്ത് സെക്ഷന്‍

മഞ്ചേരി: കാസര്‍കോട് ജില്ലയിലെ പൊതുമരാമത്ത് കെട്ടിട വിഭാഗം സെക്ഷന്‍ യൂനിറ്റ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പൊതുമരാമത്ത് കെട്ടിട വിഭാഗം നിലവിലില്ലാത്തതിനാല്‍ നിര്‍മാണ പദ്ധതികളും അനുബന്ധ പ്രര്‍ത്തനങ്ങളും തടസ്സപ്പെട്ടിരുന്നു. ഇതിന് പരിഹാരം വേണമെന്ന് ആശുപത്രി വികസന സമിതി പലതവണ ആവശ്യപ്പെട്ടതോടെയാണ് തീരുമാനം.

 മഞ്ചേരി മെഡിക്കല്‍ കോളജ് 2013ല്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള പൊതുമരാമത്ത് വിഭാഗത്തിന്‍െറ സേവനം ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. പിന്നീട് എം. ഉമ്മര്‍ എം.എല്‍.എ പൊതുമരാമത്ത് മന്ത്രിയുമായി ബന്ധപ്പെട്ടാണ് സെക്ഷന്‍ ഓഫിസിന് അനുമതി വാങ്ങിയത്.

സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാലും എസ്റ്റിമേറ്റ് തയാറാക്കല്‍, ടെന്‍ഡര്‍ ക്ഷണിക്കല്‍, നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ചുമതലകള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് ചെയ്യേണ്ടത്.

മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയ ശേഷം സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് മുന്നില്‍ വെച്ച് എസ്റ്റിമേറ്റ് തയാറാക്കാനും തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാനും ആശുപത്രി അധികൃതര്‍ പലതവണ ഫയലുകള്‍ നീക്കേണ്ട സ്ഥിതിയായിരുന്നു. നിര്‍മാണത്തിന്‍െറ പൂര്‍ണ ചുമതല ലഭിച്ചില്ലെങ്കില്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കില്ലെന്ന തടസ്സങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈയൊഴിയുകയാണ് ചെയ്തത്. 
നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന സെക്ഷനായതിനാല്‍ സര്‍ക്കാറിന് ഒരു തസ്തിക പോലും പുതുതായി സൃഷ്ടിക്കേണ്ടിവരില്ല.

ഒരു അസിസ്റ്റന്‍റ് എന്‍ജിനീയര്‍, ഒരു ക്ളര്‍ക്ക്, നാല് ഓവര്‍സിയര്‍, ഒരു അറ്റന്‍ഡര്‍ എന്നിങ്ങനെയാണ് തസ്തികകള്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K