15 May, 2021 10:05:43 AM
ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും
തൊടുപുഴ: ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. രാവിലെ ഡൽഹിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം ഉച്ചകഴിഞ്ഞുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തിക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ സൗമ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്‌കാരം ഞായറാഴ്ച നടത്തും.
കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഹമാസ് ഷെല്ലാക്രമണത്തിൽ ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്നു സൗമ്യ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈൽ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം.