12 May, 2021 08:44:52 PM
ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം വേഗം നാട്ടിലെത്തിക്കും
തൊടുപുഴ: ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്‍റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് സിംഗ്ലയുമായി നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ബന്ധപ്പെട്ടിട്ടുണ്ട്. അവിടത്തെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യൻ എംബസ്സി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അംബാസഡർ അറിയിച്ചു. സൗമ്യയുടെ അകാല വിയോഗത്തിൽ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന വിധത്തിൽ നഷ്ടപരിഹാരം നേടിയെടുക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇസ്രായേലില്‍ നടന്ന ഹമാസ് റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഇസ്രായേലിലെ അഷ്‌കലോണിലെ ഒരു വീട്ടിലിരുന്ന് നാട്ടിലുള്ള ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ സൗമ്യ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.