12 May, 2021 12:43:27 AM
ഇസ്രായേലിൽ ഷെല്ലാക്രമണം; ഇടുക്കി അടിമാലി സ്വദേശി യുവതി കൊല്ലപ്പെട്ടു
അടിമാലി: ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്നു സൗമ്യ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈൽ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം.
കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് മെമ്പർമാരായ സതീശന്റെയും സാവിത്രിയുടേയും മകളാണ് സൗമ്യ. രണ്ട് വർഷങ്ങൾക്ക് മുൻപാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്. ഒരു മകൻ ഉണ്ട്. മകൻ കുടുംബത്തോടൊപ്പം നാട്ടിലാണ്. ഷെയ്ഖ് ജറയ്ക്ക് സമീപം ഇസ്രായേൽ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്.
വെള്ളിയാഴ്ച ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്ജിദുൽ അഖ്സയിൽ പൊലീസ് അതിക്രമം നടന്നിരുന്നു. വിശുദ്ധ മാസത്തിലെലെ അവസാന വെള്ളിയാഴ്ച ആയതിനാൽ ആയിരക്കണക്കിനു ഫലസ്തീനികളാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവരിൽ ചിലർ ഇസ്രായേലിന്റെ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് പൊലീസ് റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റും പ്രയോഗിച്ചത്. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നവർക്കും പരുക്കേറ്റിരുന്നു.