09 May, 2021 09:03:03 AM
പാലക്കാട് ഈ മാസം മരിച്ചത് '15' പേര്‍; സംസ്കരിച്ചത് മൂന്നിരട്ടിയോളം: കോവിഡ് കണക്കിൽ പൊരുത്തക്കേട്
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ പുറത്തു വിടുന്ന കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകള്‍. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാലക്കാട് ഈ മാസം 15 പേര്‍ മാത്രമാണ് മരിച്ചത്. എന്നാല്‍ അതിന്റെ മൂന്നിരട്ടിയോളം പേരെ സംസ്‌കരിച്ചിട്ടുണ്ടെന്നാണ് ശ്മശാനങ്ങളിലെ കണക്കുകള്‍ പറയുന്നത്.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മൃതദേഹങ്ങളധികവും സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നത് നിളാതീരത്തെ ശ്മശാനങ്ങളിലേക്കാണ്. ഷൊര്‍ണൂര്‍ ശാന്തിതീരത്തെ ഈ മാസത്തെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശ്മശാനത്തിലെ കണക്കു പ്രകാരം കൊവിഡ് ബാധിച്ച് മരിച്ച പത്തിലേറെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.
തിരുവില്വാമല ഐവര്‍ മഠത്തില്‍ ഏഴ് ദിവസത്തിനിടെ അമ്ബതിലധികം മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ചിറ്റൂരിലും എലവഞ്ചേരിയിലുമായി പത്തിലേറെ. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ ആരോപിച്ചിരുന്നു.