06 May, 2021 04:18:34 PM


മൂന്നാറിലെ ധ്യാനം: രണ്ട് വൈദികര്‍ മരിച്ചു; ബിഷപ്പിനും മറ്റ് വൈദികർക്കുമെതിരെ കേസ്



മൂന്നാർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ധ്യാനം സംഘടിപ്പിച്ചതിന് സി.എസ്.ഐ സഭ വൈദികർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. പർച്ചവ്യാധി നിയമപ്രകാരം കേസെടുക്കാൻ ജില്ല പൊലീസ് മേധാവിയ്ക്ക് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ദേവികുളം സബ്കളക്ടറോടും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ധ്യാനത്തിന്റെ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെയാണ് കേസെടുത്തത്. ബിഷപ്പ് റസാലവും മറ്റു വൈദികരും കേസിൽ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി വരുന്നതായി ഇടുക്കി പൊലീസ് അറിയിച്ചു.


കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ ധ്യാനം നടത്തിയതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തിലാണ് സംഘാടകർക്ക് എതിര കേസെടുക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയത്. കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന് ഏപ്രിലിൽ തന്നെ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. മാത്രമല്ല ഇടുക്കിയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ ജില്ലയിലെ പൊതുപരിപാടികൾക്ക് ജില്ലഭരണകൂടം വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാമായിരുന്നെന്ന് വിശദീകരണ കുറിപ്പിൽ സിഎസ്ഐ സഭ വ്യക്തമാക്കിയിട്ടുണ്ട്. 


സിഎസ്ഐ സഭ അവകാശപ്പെടുന്നത് പോലെ ധ്യാനത്തിന് അനുമതി നൽകിയിരുന്നോ എന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ദേവികുളം സബ്കളകർക്കും ഇടുക്കി കളക്ടർ നിർദ്ദേശം നൽകി. അനുമതിയ്ക്കായി ആരും സമീപിച്ചിട്ടില്ലെന്ന് ദേവികുളം സബ്കളക്ടർ അറിയിച്ചു. അഞ്ച് ദിവസം നീണ്ട ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ ബിഷപ്പടക്കം എൺപതോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. എന്നാൽ 24 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നാണ് സഭയുടെ വിശദീകരണം. 


കോവിഡ് ബാധിച്ച് ഫാ. ബിജുമോൻ (52), ഫാ. ഷൈൻ ബി രാജ് (43) എന്നിവരാണ് മരിച്ചത്. വട്ടപ്പാറ്റയ്ക്ക് സമീപമുള്ള കഴുക്കോട് സിഎസ്ഐ ചർച്ചിലെ വൈദികനാണ് ബിജുമോൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജുമോൻ മരിച്ചത്. തിരുമല പുന്നക്കാമുഗൾ സിഎസ്ഐ ചർച്ചിലെ വൈദികനായ ഷൈൻ ബി രാജ് ചൊവ്വാഴ്ച മരിച്ചു. കോവിഡ് ബാധിച്ച വൈദികർ കാരക്കോണം ഡോ. സോമർവെൽ സിഎസ്ഐ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ ക്വറന്റീനിലാണ്.


ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു മൂന്നാർ സിഎസ്ഐ പള്ളിയിൽ വൈദികരുടെ ധ്യാനം. ബിഷപ്പ് ധർമരാജ് റസാലം നേതൃത്വം നൽകിയ ധ്യാനത്തിൽ 350ഓളം വൈദികർ പങ്കെടുത്തു. കോവിഡ് പരിഗണിച്ച് ധ്യാനം മാറ്റിവെക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കാത്തവർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും സഭയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ബസുകളിലാണ് വൈദികരെ മൂന്നാറിൽ എത്തിച്ചത്. ധ്യാനത്തിനിടെ വൈദികർക്ക് ശരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടെങ്കിലും കാലവസ്ഥ വ്യതിയാനം നിമിത്തമെന്ന് കരുതി. തുടർന്ന് നാട്ടിലെത്തിയിട്ടും അസ്വസ്ഥതകൾ വിട്ടുമാറാതിരുന്നപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 


ധ്യാനത്തിന് ശേഷം വൈദികർ പള്ളികളിലെത്തി ആരാധനകളിൽ പങ്കെടുത്തതിനാൽ വിശ്വാസികളും ആശങ്കയിലാണ്. 322 വൈദികരുടെ ധ്യാനം രണ്ട് സംഘങ്ങളായിട്ടാണ് നടത്തിയതെന്നും 24 വൈദികർക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നും സിഎസ്ഐ സഭ വിശദീകരിച്ചു. ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രിൽ 12 മുതൽ ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ല ഭരണകൂടം വ്യക്തമാക്കി. പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന ഉത്തരവ് നിലനിൽക്കുന്നതിനിടെയായിരുന്നു ധ്യാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K