30 April, 2021 06:36:56 PM


മാസ്‌ക്: ഒരു മാസത്തിനിടെ പാലക്കാട് രജിസ്റ്റര്‍ ചെയ്തത് 10,985 കേസുകള്‍



പാലക്കാട്: മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 10,985 പേര്‍ക്കെതിരെയാണ് ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. 54,92,500 രൂപയാണ് ഈയിനത്തില്‍ പിഴയായി ഈടാക്കിയത്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപയാണ് പോലീസ് പിഴ ഈടാക്കുന്നത്. വായും മൂക്കും കൃത്യമായി മറയുന്ന രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേയാണ് കേസെടുത്തത്.


വ്യാപാരസ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കാത്ത ഏഴ് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ഒരു മാസത്തിനിടയില്‍ പോലീസ് നടപടിയെടുത്തു. 2000 രൂപയാണ് വ്യാപാര സ്ഥാപന ഉടമകളില്‍നിന്ന് പിഴയായി ഈടാക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2000 രൂപയാണ് പിഴ. പൊതുയിടങ്ങളില്‍ ശാരീരിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് 415 കേസാണ് 30 ദിവസത്തിനിടയില്‍ പോലീസ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 


കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള പ്രധാന അതിര്‍ത്തി ചെക്പോസ്റ്റായ വാളയാറിലെ നാരോ ബ്രിഡ്ജ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍  വിലയിരുത്തി. പോലീസ്, എക്സൈസ്, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളുടെയും അധ്യാപകരുടെയും ഡ്യൂട്ടി ഏകോപനം, വാഹന പരിശോധനയുടെ പുരോഗതി എന്നിവ ജില്ലാ കലക്ടര്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഒപ്പമുണ്ടായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K