29 April, 2021 05:35:24 PM
പാലക്കാട് 20,000 ഡോസ് വാക്സിന്‍ എത്തി; നാളെ 105 കേന്ദ്രങ്ങളില്‍ രണ്ടാം ഡോസ് കുത്തിവെപ്പ്
പാലക്കാട് : ജില്ലയ്ക്ക് 20,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം ഏപ്രില്‍ 30ന് ജില്ലയിലെ 105 കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നടക്കും. അഗളി, അട്ടപ്പാടി എന്നിവിടങ്ങളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ 100 ഡോസ് വീതവും മറ്റു കേന്ദ്രങ്ങളില്‍ 150 ഡോസ് വീതവുമാണ് കുത്തിവെപ്പ് നടത്തുക. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെ ഒന്നാം ഡോസ് സ്വീകരിച്ച് രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്കാണ് നാളെ കുത്തിവെപ്പ് നടക്കുക.
നിലവില്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെ തന്നെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്ത് കുത്തിവെപ്പ് എടുക്കാം. നാളെ ഫസ്റ്റ് ഡോസ് കുത്തിവെയ്പ്പ് ഉണ്ടാകില്ല. അതത് പ്രദേശങ്ങളിലെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കേണ്ടവര്‍ക്ക് ആവശ്യമായ അറിയിപ്പും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് ആശാവര്‍ക്കര്‍മാരെ ചുമതലപ്പെടുത്തിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.