29 April, 2021 04:51:08 PM
പ്രോട്ടോക്കോള്‍ ലംഘനം: പാലക്കാട് ജില്ലയില്‍ ഇന്നലെ 2484 കേസ്: 32 പേര്‍ അറസ്റ്റില്‍
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഏപ്രില്‍ 28 ന് നടത്തിയ പരിശോധനയില്‍ 564 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. 60 സെക്ടറല്‍ മജിസ്ട്രേറ്റുമാരാണ് പരിശോധന നടത്തിയത്. ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് ലംഘനം, ക്വാറന്റൈന്‍ ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക, സമയ പരിധി കഴിഞ്ഞിട്ടും കടകള്‍ തുറന്നു വെക്കുക എന്നിവയ്ക്കെതിരെയാണ് കേസ് എടുത്തത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെപോലീസ് നടത്തിയ പരിശോധനയില്‍ 19 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 32 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1901 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.