29 April, 2021 11:53:46 AM
പുഴയില്‍ വീണ കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ച ബിഎഡ് വിദ്യാർഥിനി മുങ്ങി മരിച്ചു
മട്ടന്നൂർ: മണ്ണൂർ നായിക്കാലി പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാർഥിനി മുങ്ങി മരിച്ചു. പാളാട് എൽപി സ്കൂളിനു സമീപത്തെ അമൃതാലയത്തിൽ ബാലകൃഷ്ണൻ-രമണി ദമ്പതികളുടെ മകൾ അമൃതാ ബാലകൃഷ്ണ (25) നാണ് മരിച്ചത്.
ഇന്നു രാവിലെ ഏഴിന് നായിക്കാലി ക്ഷേത്രത്തിന് മുന്നിലുള്ള പുഴയിലായിരുന്നു സംഭവം. പുഴയിൽ വസ്ത്രം അലക്കാനായി അയൽവാസികൾക്കൊപ്പം എത്തിയതായിരുന്നു അമൃത. കൂടെയുണ്ടായിരുന്ന അയൽവാസിയായ ഒമ്പതുവയസുള്ള കുട്ടി വെള്ളത്തിൽ വീണതിനെ തുടർന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അമൃത മുങ്ങിമരിച്ചത്.
കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ ചാടി വിദ്യാർഥിനിയെ രക്ഷപ്പെടുത്തി ചാലോടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. സഹോദരി: അനഘ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മട്ടന്നൂരിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.