29 April, 2021 12:13:46 AM
പാലക്കാട് കോവിഡ് ചികിത്സയ്ക്ക് 2588 കിടക്കകള്‍: ഓക്‌സിജന്‍, ഐ.സി.യു. ബെഡുകളും സജ്ജം
പാലക്കാട് : ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് വിവിധ കേന്ദ്രങ്ങളിലായി 2588 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. രോഗികളുടെ വര്‍ദ്ധനവിനനുസരിച്ച് കൂടുതല്‍ കിടക്കകള്‍ ക്രമീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
കഞ്ചിക്കോട് കിന്‍ഫ്ര, ഗവ. വിക്ടോറിയ കോളേജ് എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. നിലവില്‍ കഞ്ചിക്കോട് കിന്‍ഫ്രയില്‍ 178 പേരാണ് ചികില്‍സയിലുള്ളത്. 660 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കഞ്ചിക്കോട് കിന്‍ഫ്രയില്‍ 500 ബെഡുകളും, ഗവ. വിക്ടോറിയ കോളേജില്‍ 160 ബെഡുകളുമാണുള്ളത്. നിലവില്‍ ഗവ. വിക്ടോറിയ കോളേജിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആരും ചികിത്സയിലില്ല. രോഗലക്ഷണങ്ങള്‍ കൂടുതലുള്ള കോവിഡ് രോഗബാധിതരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി (സി.എസ്.എല്‍.ടി.സി) മാങ്ങോട് കേരള മെഡിക്കല്‍ കോളേജിനു പുറമെ കഞ്ചികോട് കിന്‍ഫ്രയും പ്രവര്‍ത്തിക്കുന്നുണ്ട്. മാങ്ങോടില്‍ 285, കിന്‍ഫ്രയില്‍ 550 ഉള്‍പ്പെടെ 835 കിടക്കകളാണ് ഉള്ളത്. നിലവില്‍ മാങ്ങോട് 229 ും കിന്‍ഫ്രയില്‍ 316 ും ഉള്‍പ്പെടെ 545 രോഗികള്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നു. ഗുരുതരരോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക.
ജില്ലാ ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കോവിഡ് ആശുപത്രികളാണ് ജില്ലയിലുള്ളത്. ജില്ലാ ആശുപത്രിയില്‍ 144, മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 43, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എട്ട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഒമ്പത്, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ മൂന്നും ഉള്‍പ്പെടെ 207 പേരാണ് ചികിത്സയിലുള്ളത്. ബി.സി. കാറ്റഗറിയിലുള്ള രോഗതീവ്രത കൂടിയവരെയാണ് ഇവിടെ പ്രവേശിക്കുന്നത്.
ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ 10 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 780 കിടക്കള്‍ സജജമാണ്. ഇതില്‍ കരിമ്പ, ശ്രീകൃഷ്ണപുരം, അഗളി എന്നീ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 34 പേര്‍ ചികിത്സയിലുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വീടുകളില്‍ താമസിക്കാന്‍ സൗകര്യമില്ലാത്തതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെയുമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
ജില്ലയില്‍ ഓക്‌സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം
ജില്ലയില്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ 34, മാങ്ങോട് മെഡിക്കല്‍ കോളേജില്‍ 100, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 10 ഓക്‌സിജന്‍ ബെഡുകളാണ് ഉള്ളത്. ജില്ലാ ആശുപത്രിയില്‍ 64 ഐ.സി.യു ബെഡുകളും നിലവിലുണ്ട്. കൂടാതെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എംപാനല്‍ഡ് ചെയ്യപ്പെട്ട ജില്ലയിലെ 14 സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആകെ ബെഡിന്റെ 25 ശതമാനവും ആകെ ഓക്‌സിജന്‍ ബെഡിന്റെ 25 ശതമാനവും ഐ.സി.യു ബെഡിന്റെ 25 ശതമാനവും കോവിഡ് ചികിത്സക്കായി നീക്കിവെയ്ക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരമുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്.
അത്താണി, അവൈറ്റിസ്, ക്രസന്റ്, ലക്ഷ്മി, നിള, പാലന, പി.കെ. ദാസ്, രാജീവ് ഗാന്ധി, സേവന, തങ്കം, വള്ളുവനാട്, വെല്‍കെയര്‍, കരുണ മെഡിക്കല്‍ കോളേജ്, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങിയവയാണ് ജില്ലയിലെ 14 എംപാനല്‍ഡ് സ്വകാര്യ ആശുപത്രികള്‍. ഇവിടെ 27 വെന്റിലേറ്ററുകള്‍, 98 ഐ.സി.യു ബെഡുകള്‍, 203 ഓക്‌സിജന്‍ ബെഡുകള്‍ എന്നിവ സജ്ജമാക്കിയിട്ടുള്ളതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു