28 April, 2021 11:42:42 PM
ആർടിപിസിആർ ടെസ്റ്റിന് ഇരട്ടിചാർജ്: സ്വകാര്യ ലാബുകളുടെ പകൽക്കൊള്ള തുടരുന്നു
ആലപ്പുഴ: കൊവിഡ് വ്യാപനം മുതലെടുത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റിനു സ്വകാര്യ ലാബുകൾ ഈടാക്കുന്നതു യഥാർത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുക. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആർടിപിസിആർ ടെസ്റ്റിനു സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയത് 448 രൂപയ്ക്ക്. 600 രൂപയിൽ താഴെ നിരക്കിൽ ടെസ്റ്റ് നടത്താൻ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകൾ ഈടാക്കുന്നത്.
ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോൾ സ്വകാര്യ ലാബുകൾക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്. ടെസ്റ്റുകളുടെ എണ്ണം വർധിച്ചതോടെ കേരള മെഡിക്കൽ സർവീസ് കോർപ്പറഷൻ പുറത്തു നിന്നും സ്വകാര്യ മൊബൈൽ ടെസ്റ്റിംഗ് ലാബുകളെ ഏർപ്പെടുത്തി. ടെണ്ടർ വിളിച്ച് കരാർ ഏൽപ്പിച്ചത് സാൻഡർ മെഡിക് എയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്. 448 രൂപയ്ക്കാണ് പരിശോധനയ്ക്ക് കരാർ നൽകിയത്. വൈറൽ ആർഎന്.എ എക്ട്രാക്ഷൻ കിറ്റ് 21.6 രൂപയ്ക്കാണ് മെഡിക് എയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വിതരണം ചെയ്തത്. അതായത് ലാഭവിഹിതം ചേർത്താൽ പോലും 600 രൂപയ്ക്ക് നടത്താവുന്ന പരിശോധനയ്ക്കാണ് 1700 രൂപ ഈടാക്കുന്നതെന്ന് വ്യക്തം.
ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ ആർടിപിസിആർ ടെസ്റ്റിന് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. പരാതികൾ ഉയർന്നതോടെ നിരക്ക് കുറയ്ക്കാൻ സർക്കാർ നീക്കം തുടങ്ങി. ഇക്കാര്യം ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളും ലാബുകളും ഈടാക്കുന്ന നിരക്കുകൾ കുറയ്ക്കാൻ സർക്കാരിനു കോടതിയെ സമീപിക്കേണ്ടി വരും. ശരിയായ വസ്തുതകൾ കോടതിയെ ബോധിപ്പിച്ചുകൊണ്ടു മാത്രമേ നിരക്കുകൾ പുതുക്കി നിശ്ചയിക്കാൻ കഴിയുകയുള്ളൂവത്രേ.