27 April, 2021 07:47:46 PM
പാലക്കാട് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ 554 കേസുകള്‍

പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ ഏപ്രില്‍ 26ന് 554 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. പഞ്ചായത്ത്/ നഗരസഭാ പരിധികളിൽ 59 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് പരിശോധന നടത്തിയത്.
ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക എന്നിവയ്‌ക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തിയ്യേറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നുണ്ട്.
ജില്ലയില്‍ 26 ന് രജിസ്റ്റര്‍ ചെയ്തത് 10 കേസ്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഏപ്രില്‍ 26ന് പോലീസ് നടത്തിയ പരിശോധനയില്‍ 10 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. 14 പ്രതികളാണുള്ളത്. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
മാസ്‌ക് ധരിക്കാത്ത 1048 പേര്‍ക്കെതിരെ കേസ്
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1048 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.





