26 April, 2021 11:19:16 PM
ആലപ്പുഴയിൽ കോവിഡ് ബാധിച്ചത് 96,077 പേർക്ക്: ഏപ്രിലിൽ മാത്രം 14,738 രോഗികൾ
ആലപ്പുഴ: ജില്ലയിൽ കോവിഡ് രണ്ടാം തരംഗം കൂടുതൽ ശക്തിപ്രാപിക്കുന്നു. തുടർച്ചയായി ആറാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിലേറെയായി. ഞായറാഴ്‌ച 1302 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വ –-1347, ബുധൻ –-1172, വ്യാഴം –-1157, വെള്ളി–- 1239, ശനി 1750 എന്നിങ്ങനെയായിരുന്നു എണ്ണം.
ഞായറാഴ്‌ചത്തെ രോഗികളിൽ 1301 പേരും സമ്പർക്ക രോഗികളാണെന്നുള്ളത് ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്നു. ആകെ രോഗികളുടെ 99.9 ശതമാനവും സമ്പർക്കത്തിലൂടെയാണ്. നാളുകളായി ജില്ലയിൽ സമ്പർക്ക വ്യാപന തോത് 95 ശതമാനത്തിന് മുകളിലാണ്. ശനിയാഴ്‌ച 99.8 ആയിരുന്നു സമ്പർക്ക വ്യാപന തോത്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗികളുടെ പകുതിയോളം മാത്രമാണ് രോഗമുക്തർ. 675 പേരുടെ മാത്രം പരിശോധനാ ഫലമാണ് ഞായറാഴ്‌ച നെഗറ്റീവായത്.
ജില്ലയിലെ ആകെ രോഗികൾ 96,077 ആയി. സമ്പർക്കത്തിലൂടെ കോവിഡ് വന്നവർ ആകെ 90,464. ആകെ 86,053 പേർ രോഗമുക്തരായി. 10,685 പേർ ചികിത്സയിലുണ്ട്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 31 കേസെടുത്തു. 17 പേർ അറസ്‌റ്റിലായി. ഏപ്രിലിൽ മാത്രം ഇതുവരെ 14,738 രോഗികളായി.
നഗരസഭകളിൽ ആലപ്പുഴയിലാണ് കൂടുതൽ രോഗികൾ. - 222 പേർ. കായംകുളം - –-29, ചേർത്തല - –-40, മാവേലിക്കര - –-25, ചെങ്ങന്നൂർ -–- 26, ഹരിപ്പാട് - –-7. പഞ്ചായത്തുകളിൽ മാരാരിക്കുളം വടക്കാണ് രോഗികൾ കൂടുതൽ. 53 പേർ. തണ്ണീർമുക്കം –46, പെരുമ്പളം –44, ചേർത്തല തെക്ക് –35, പുന്നപ്ര തെക്ക് –34, അമ്പലപ്പുഴ തെക്ക് –33, ചെട്ടിക്കുളങ്ങര –32, അരൂക്കുറ്റി –31, ചമ്പക്കുളം –29, അമ്പലപ്പുഴ വടക്ക് –28, പാണാവള്ളി –25, പാലമേൽ –24, തിരുവൻവണ്ടൂർ –21.