21 April, 2021 07:39:27 PM


'മന്ത്രിക്കെതിരായ പരാതി പിൻവലിക്കില്ല, കേസ് എടുത്തില്ലെങ്കിൽ കോടതിയിൽ പോകും' - പരാതിക്കാരി



ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പരാതി പിൻവലിക്കില്ലെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജീവന് ഭീഷണിയുണ്ട്. ജീവിക്കാൻ അനുവദിക്കണം. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പരാതിയിന്മേൽ കേസെടുക്കാൻ തയാറായില്ലെങ്കിൽ കോടതിയിൽ പോകും. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന തന്റെ ഭർത്താവിനെ ജാതീയമായ വേർതിരിവ് പറഞ്ഞാണ് പുറത്താക്കിയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.


മന്ത്രി ജി സുധാകരന്‍റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ ആളുടെ ഭാര്യയാണ് മന്ത്രിക്കെതിരെ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതി പിന്‍വലിച്ചുവെന്ന് സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടി നാസര്‍ വെളിപ്പെടുത്തിയിരുന്നു. പരാതി നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല നല്‍കിയതെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. രസീത്‌ പോലും വാങ്ങാതെ പരാതി പാറാവുകാരനെ ഏല്‍പ്പിച്ചാണ് മടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതി പിൻവലിച്ചിട്ടില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.


പരാതി പിന്‍വലിച്ചില്ല. തന്റെ അറിവില്ലാതെ കൃത്രിമമായി ഒപ്പിട്ട് ആരോ പരാതി പിന്‍വലിച്ചതാണ്. ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്നുകൂടി കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കും. മുന്‍ ജില്ലാ കമ്മിറ്റി അംഗമാണ് താനെന്നും യുവതി വ്യക്തമാക്കി. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് യുവതി പറയുന്നത്.


അതേസമയം, സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും അടിസ്ഥാന രഹിതവും കളവുമാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ ജി സുധാകരനെതിരെ കമ്മിറ്റിയിൽ അഭിപ്രായങ്ങൾ ഉണ്ടായി എന്നത് തീർത്തും കളവായ വാർത്തയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന യാതൊരു പരാമർശവും സുധാകരൻ നടത്തിയിട്ടില്ലെന്നും ആർ നാസർ വാർത്താ ക്കുറിപ്പിൽ അറിയിച്ചു.


ജി സുധാകരനെതിരെ കളവായ ആരോപണം ഉന്നയിച്ച് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതുമായി ബന്ധപ്പെട്ട കുറ്റകരമായ കാര്യം ലോക്കൽ കമ്മിറ്റിയിൽ ചർച്ച ചെയ്തു. അതു സംബന്ധമായ നിർദേശങ്ങൾ നൽകുന്നതിനായി പാർട്ടി ഏരിയാ കമ്മിറ്റിയിലേക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇക്കാര്യത്തിൽ യാതൊരു സമവായ ശ്രമവും ജില്ലാ കമ്മിറ്റിയോ പാർട്ടിയുടെ ഏതെങ്കിലും ഘടകമോ നടത്തിയിട്ടില്ല.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരു കാര്യവും കമ്മിറ്റിയിൽ ഉണ്ടായിട്ടില്ല. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട നിലയിൽ സംഘടിപ്പിക്കുന്നതിൽ ജി സുധാകരൻ കാര്യമായ ശ്രദ്ധയും നേതൃത്വവും നൽകിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ മേഖലയിലും അദ്ദേഹം പങ്കെടുത്ത് താഴേതലംവരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K