16 April, 2021 03:16:33 PM


ജീവനക്കാര്‍ക്ക് കോവിഡ്; പാലക്കാട് സ്വകാര്യവസ്ത്ര വ്യാപാര സ്ഥാപനം അടപ്പിച്ചു



പാലക്കാട്: ഭൂരിഭാഗം ജീവനക്കാര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിക്ടോറിയ കോളേജിന് സമീപമുള്ള സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാന്‍ ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി ഉത്തവിട്ടു. കഴിഞ്ഞ മാര്‍ച്ച് 29ന് പ്രവര്‍ത്തനമാരംഭിച്ച പ്രീതി സില്‍ക്സ് എന്ന സ്ഥാപനമാണ് ദുരന്തനിവാരണ നിയമം 2005 വകുപ്പ് 33, 34 (എം) പ്രകാരം ഇന്ന് മുതല്‍ ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവ് നല്‍കിയത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി, നഗരസഭ സെക്രട്ടറി, നഗരസഭ വാര്‍ഡ് 16 ലെ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ട്.


ജനതിരക്ക് ഉണ്ടായ സാഹചര്യത്തില്‍ ശാരീരിക അകലം പാലിക്കാതെ പ്രവര്‍ത്തിച്ചതിന്‍റെ അടിസ്ഥാനത്തില്‍  സ്ഥാപനത്തിലെ  79 ജീവനക്കാരില്‍ 29 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇത് കൂടുതല്‍ പേരിലേക്ക് രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഡി.എം.ഒ.യുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രസ്തുത സ്ഥാപനഉടമകളും, ജീവനക്കാരും ഏപ്രില്‍ ആറ് മുതല്‍ സ്ഥാപനം സന്ദര്‍ശിച്ചിട്ടുള്ള പൊതുജനങ്ങളും കോവിഡ് ടെസ്റ്റിനു വിധേയരാകാനും സ്ഥാപനം അണുവിമുക്തമാക്കാനും  ഉത്തരവില്‍ പറയുന്നുണ്ട്.


സ്ഥാപനം മേല്‍പ്രസ്താവിച്ച സമയത്തിന് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്നതിനുമുന്‍പ് അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ജീവനക്കാരും ഉടമകളും കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണമെന്നും ജില്ലാകലക്ടര്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവ് പാലിക്കാത്തപക്ഷം ദുരന്തനിവാരണ നിയമം 2005 വകുപ്പ് 51 (ബി), ഇന്ത്യന്‍ ശിക്ഷാനിയമം, എപ്പിഡമിക് ഡിസീസ് ആക്ട് 1897, ഭേദഗതി 2005 എന്നിവ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K