15 April, 2021 07:18:35 PM
കോവിഡ്: മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് പരിശോധന പാലക്കാട് രണ്ടു ദിവസം കൂടി തുടരും
പാലക്കാട്: മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന ഏപ്രില്‍16, 17 തീയതികളില്‍ ജില്ലയില്‍ തുടരും. ആരോഗ്യ വകുപ്പിന്റേയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലായി ഏപ്രില്‍ 12 മുതലാണ് ജില്ലയില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആരംഭിച്ചത്. 24 മണിക്കൂറിനകം ഫലമറിയാനാകും.
കഞ്ചിക്കോട് അഗസ്റ്റിന്‍ ടെക്‌സ്‌റ്റൈല്‍സ്, പ്രിക്കോട്ട് മില്‍ യൂണിറ്റ്, സ്റ്റീല്‍ മാക്സ് ഇന്‍ഡ്യ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പരിശോധന നടത്തിയിരുന്നു. ഇന്ന് മരുതറോഡ്, മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കും ഏപ്രില്‍ 17ന് അകത്തേത്തറ, മണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കും പരിശോധന നടത്തും.
സൗജന്യ കോവിഡ് പരിശോധന
ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പ്രധാന ആശുപത്രികള്‍, വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, എന്നിവിടങ്ങളിലായി ഏപ്രില്‍ 16, 17 തീയതികളില്‍ സൗജന്യ കോവിഡ് പരിശോധന നടത്തും. കോവിഡ് വാക്സിന്‍ നല്‍കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ വാക്സിനേഷന് ശേഷം ആയിരിക്കും ആന്റിജന്‍ പരിശോധന. ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രോഗികള്‍, ഇവരുടെ ബൈസ്റ്റാന്‍ഡര്‍മാര്‍, രോഗ ലക്ഷണം ഉള്ള പൊതുജനങ്ങള്‍, കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള 45 വയസ്സിന് താഴെയുള്ളര്‍, കോവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍, വാക്സിന്‍ എടുക്കാത്ത 45 വയസ്സിനു മേല്‍ പ്രായമുള്ളവര്‍, കണ്ടെയ്ന്‍മെന്റ് സോണ്‍, ക്ലസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തുടങ്ങി രോഗലക്ഷണം ഉള്ള ആര്‍ക്കും പരിശോധന നടത്താം.
രണ്ട് ദിവസങ്ങളിലായി 15600 ഓളം പേരെ പരിശോധിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. കിറ്റിന്റെ ലഭ്യതയനുസരിച്ച് ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തും. ഇതിനു പുറമെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് പരിശോധന നടത്തുന്ന പാലക്കാട് ചെറിയ കോട്ടമൈതാനം, ആലത്തൂര്‍ താലൂക്ക് ആശുപത്രി, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം, ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം, കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി, നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പൊതുജനങ്ങള്‍ക്ക് പരിശോധന നടത്താം.
പനി, ക്ഷീണം, തൊണ്ടവേദന, ശ്വാസതടസ്സം, വരണ്ട ചുമ, ശരീര വേദന, മണം, രുചി എന്നിവ നഷ്ടപ്പെടുക, നെഞ്ചുവേദന, സംസാരിക്കാന്‍ ബുദ്ധിമുട്ട് വയറിളക്കം, ചര്‍ദ്ദി എന്നിവ ഉള്ളവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണമെന്ന് ഡി.എം.ഒ. കെ.പി റീത്ത അറിയിച്ചു.