31 March, 2021 07:43:07 PM


ഹരിത തിരഞ്ഞെടുപ്പ്: നല്ലൊരു നാളേയ്ക്കായി പാലക്കാട് സൈക്കിള്‍ റാലി



പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കിമാറ്റുക, നല്ലൊരു നാളേയ്ക്കായി പരിസ്ഥിതിയ്ക്കൊപ്പം എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍  സൈക്കിള്‍ റാലി സംഘടിപ്പിച്ചു.  അസിസ്റ്റന്റ്  കലക്ടര്‍ ധര്‍മ്മലശ്രീ സൈക്കിള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. സിവില്‍ സ്റ്റേഷനു മുന്നില്‍ നിന്നാരംഭിച്ച് കോട്ടമൈതാനം, ജില്ലാശുപത്രി വഴി  തിരിച്ച്  സിവില്‍ സ്റ്റേഷനിലേയ്ക്കാണ് റാലി സംഘടിപ്പിച്ചത്.  പ്ലാസ്റ്റിക് ഒഴിവാക്കി തെരഞ്ഞെടുപ്പ് ഹരിതാഭമാക്കുക, എന്റെ മാലിന്യം എന്റെ  ഉത്തരവാദിത്വം, പ്രചരണത്തിന് പ്രകൃതിസൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക എന്നിവ ലക്ഷ്യമിട്ടാണ്  സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.


പാലക്കാട് ഫോര്‍ട്ട് പെഡല്‍ സൈക്കിള്‍ ക്ലബ്ബ് അംഗങ്ങളാണ് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തത്. ടണ്‍ കണക്കിന് ജൈവ- അജൈവ മാലിന്യങ്ങളാണ് ഓരോ തിരഞ്ഞെടുപ്പിന് ശേഷവും ഉണ്ടാകാന്‍ സാധ്യതയുള്ളത്. പ്ലാസ്റ്റിക്കിന് ബദലായി പുന:രുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗപ്പെടുത്തിയും ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപേക്ഷിച്ചും മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജ്ജനം ചെയ്തും തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം .



നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കി മാറ്റുക എന്നത് ലക്ഷ്യമാക്കി കോങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ഹരിത ഇലക്ഷന്‍ പ്രചരണ വാഹനം പര്യടനം നടത്തി. ജില്ലാ ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ഇലക്ഷന്‍ ഹരിതാഭമാക്കാം' എന്ന മുദ്രാവാക്യത്തോടെ പര്യടനം നടത്തിയത്. കോങ്ങാട് നിയോജകമണ്ഡലത്തിലെ പറളി, മങ്കര, മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട്, കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരാക്കുറിശ്ശി പഞ്ചായത്തുകളിലാണ് ഹരിതചട്ടം പാലിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടുള്ള നാടന്‍പാട്ട് കലാസംഘം പ്രചരണം നടത്തിയത്.


പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍, മണ്ണില്‍ അലിഞ്ഞു ചേരുന്ന വസ്തുക്കള്‍ എന്നിവയുപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ 1000 ടണ്ണോളം മാലിന്യം കുറയ്ക്കാനാകും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും പരിസരം മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടാനിടയുള്ള മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് ഹരിത തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നത്. പറളി പഞ്ചായത്ത് പരിധിയില്‍ ആരംഭിച്ച പ്രചരണം ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.സന്തോഷ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K